വെനീസ്:
ഭീമൻ തിരമാലയിൽ മുങ്ങി ഇറ്റാലിയൻ നഗരമായ വെനീസ്. രണ്ട് മീറ്ററോളം ഉയരത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതിനാല്‍ നഗരത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. 50 വർഷത്തിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തിരമാലകളുണ്ടാകുന്നത്. മുമ്പ് 1966ലാണ് ഇത്രയും വലിയ തിരമാലകൾ ഉണ്ടായത്.
സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികൾ താമസിക്കാൻ പോലും ഇടം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ഒരാൾ മരിച്ചത്. നഗരത്തിലെ താഴ്ന്ന പ്രദേശമായ ,സെന്‍റ് മാര്‍ക്ക്സ് സ്ക്വയറിലാണ് ഏറ്റവും കൂടുതൽ തിരമാല അടിച്ചുകയറിയത്.
ചരിത്ര പ്രസിദ്ധമായ സെന്‍റ് മാർക്ക്സ് ബസലിക്കയിലും വെള്ളം കയറി. 1200 വർഷത്തിനിടെ ആറാം തവണയാണ് ഇവിടെ വെള്ളം കയറുന്നത്. വ്യാപാര സ്ഥാപനങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. കസേരകളും മേശകളും ഒഴുകിപ്പോയി. മൂന്ന് വാട്ടർ ബസുകൾ വെള്ളത്തിൽ മുങ്ങി. നിരവധി ബോട്ടുകളും തകർന്നു.
നൂറിലധികം ചെറുദ്വീപുകൾ ചേർന്നതാണ് കനാലുകളുടെ നഗരമായ വെനീസ്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമായാണ് തിരമാലകൾ അടിച്ചു കയറിയതെന്ന് വെനീസ് മേയർ ലൂയിഗി ബ്രുഗ്‌നാരോ പറഞ്ഞു. ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.