Mon. Dec 23rd, 2024
കൊച്ചി ബ്യൂറോ:

 

ഇന്നു പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ‘കേരള റാഫി’ എന്നറിയപ്പെട്ടിരുന്ന കൊച്ചിൻ ആസാദിന്റെ അന്ത്യം. 62 വയസ്സായിരുന്നു. ഇന്നലെ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പടെ ആയിരത്തിലധികം വേദികളിൽ മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ പാടിയിട്ടുള്ള ആസാദ് മുഹമ്മദ് റാഫിയുടെ ശബ്ദം ചുണ്ടുകളിൽ ആവാഹിച്ചെടുത്ത ഗായകൻ എന്നാണ് അറിയപ്പെട്ടിരുന്നത്. മൂന്നു പതിറ്റാണ്ടായി കൊച്ചി ഉൾപ്പടെ നിരവധി വേദികളിൽ സജീവ സാന്നിധ്യമാണ് ഈ മട്ടാഞ്ചേരിക്കാരൻ.

പത്താംക്ലാസ് വരെ പഠിച്ചെങ്കിലും സംഗീതഭ്രമത്താൽ പഠനം മുടങ്ങി. പിന്നെ, ബാപ്പ സ്വന്തമായി നടത്തിയിരുന്ന ബോംബെ ഹെയർ കട്ടിങ് സലൂണിൽ ഹെയർകട്ടിങ് പഠിച്ചു. ചുണ്ടിലൂറുന്ന ഈരടികൾക്കു കത്രികയുടെ ശബ്‌ദം താളമായി. ബഹ്‌റൈനിൽ 23 വർഷം ഹെയർകട്ടിങ് സലൂണിൽ ജോലിയെടുത്തപ്പോഴും കൂട്ടിനു സംഗീതമുണ്ടായിരുന്നു.

2003 ലാണ് പാലസ് റോഡിലുള്ള അദ്ദേഹത്തിന്റെ ജന്റ്‌സ് ബ്യൂട്ടി സലൂൺ ആരംഭിച്ചത്. കത്രികയും സംഗീതവും തമ്മിൽ ബന്ധമുണ്ടോയെന്നു ചോദിച്ചാൽ കൊച്ചിൻ ആസാദ് പറയും, രണ്ടും തന്റെ ജീവനാണെന്ന്. ഇന്ന് വൈകിട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്നത്.