ദുബായ്:
ക്രൂയിസ് കപ്പലിൽ ദുബായിലിറങ്ങുന്നവർക്ക് എമിറേറ്റ്‌സ് സേവനം എളുപ്പമാക്കാൻ പോർട്ട് റാഷിദിൽ പുതിയ ചെക്ക്- ഇൻ ടെർമിനൽ തുറന്നു. വിമാനത്താവളത്തിന് പുറത്തുള്ള ആദ്യ റിമോട്ട് ചെക്ക്-ഇൻ ടെർമിനലാണ് ഇത്.
ഉപഭോക്താക്കൾക്ക് വിമാനയാത്രയ്ക്ക് തൊട്ടുമുൻപ് ലഗേജിന്‍റെ ഭാരമില്ലാതെതന്നെ ദുബായ് കാണാനുള്ള അവസരവും എമിറേറ്റ്‌സ് നൽകും. ക്രൂയിസ് കപ്പലുകളിൽനിന്ന് ഇറങ്ങുന്ന യാത്രക്കാർക്ക് അതേസമയംതന്നെ എമിറേറ്റ്‌സ് എയർലൈൻ, ചെക്ക്-ഇൻ സാധ്യമാകും.
എട്ട് കൗണ്ടറുകളാണ് പോർട്ട് റാഷിദിലെ എമിറേറ്റ്‌സ് ചെക്ക്-ഇൻ ടെർമിനലിൽ ഉള്ളത്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപുതന്നെ ലഗേജ് പരിശോധന നടത്തുകയും, ബോർഡിങ് പാസുകൾ ഉൾപ്പെടെയുള്ളവ നൽകുകയും ചെയ്യും. 2020 ഏപ്രിൽവരെയാണ് ഈ സൗകര്യം ലഭ്യമാകുക.
അടുത്ത ആറുമാസത്തിനുള്ളിൽ 198 ക്രൂയിസ് കപ്പൽ പോർട്ട് റാഷിദിൽ എത്തുമെന്നാണ് പ്രതീക്ഷ. 2,80,000 യാത്രക്കാരെയും എമിറേറ്റ്‌സ് പ്രതീക്ഷിക്കുന്നു. ക്രൂയിസ് ടൂറിസത്തിൽ ദുബായ് വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കൾക്ക് തടസ്സരഹിതമായ സേവനം ലഭ്യമാക്കുകയാണ് എമിറേറ്റ്സിന്‍റെ ലക്ഷ്യം.