Wed. Jan 22nd, 2025
അബുദാബി:

എണ്ണ, വാതക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതനാശയങ്ങളുമായി അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് (അഡിപെക്) നാഷണൽ എക്സിബിഷൻ സെന്‍ററില്‍ തുടക്കമായി. 167 രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരത്തിലധികം കമ്പനികളാണ് ഊർജരംഗങ്ങളിലെ കണ്ടെത്തലുകളും ഉപകരണങ്ങളുമെല്ലാം പ്രദർശിപ്പിക്കുന്നത്.

നാല് ദിവസം നടക്കുന്ന 160 സെഷനുകളിൽ, ആയിരത്തോളം വിദഗ്ദർ അവതരണം നടത്തും. പതിനായിരത്തിലധികം പ്രതിനിധിസംഘം ഇതിന്‍റെ ഭാഗമാകും. എണ്ണ, വാതക രംഗങ്ങളിലെ പുത്തൻപ്രവണതകൾ മനസിലാക്കാൻ ഒന്നരലക്ഷത്തോളം ആളുകളാണ് അഡിപെകിനെത്തുന്നത്.

മിന മേഖല, ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളാണ് പ്രദർശനത്തിൽ കൂടുതലും പങ്കെടുക്കുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 32 ശതമാനത്തോളം കമ്പനികൾ അഡിപെകിൽ പങ്കെടുക്കാൻ സന്നദ്ധതയറിയിച്ച് എത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വിലകുറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലും വ്യവസായരംഗം ഏറെ സജീവമാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് പ്രദർശനം. ഏറ്റവും മികച്ച സാങ്കേതിക ഉപകരണങ്ങളാണ് അഡിപെക് അവതരിപ്പിക്കുന്നത്.

കടലിലെയും കരയിലെയും എണ്ണ ഗവേഷണം മുതൽ ഖനനം, വിതരണം, ശുദ്ധീകരണം, സുരക്ഷ തുടങ്ങിയ എല്ലാ മേഖലകളും പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചെറിയ ബെയറിങുകൾ മുതൽ അന്തർവാഹിനികൾ വരെ നിർമിക്കുന്ന കമ്പനികളാണ് മേളയുടെ ശ്രദ്ധ ആകർഷിക്കുന്നത്.

ഓയിൽ കമ്പനികളും മറൈൻ കമ്പനികളുമടക്കം മുഴുവൻ ജീവനക്കാർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾക്കും ഉപകരണങ്ങൾക്കുമായി വരുംദിവസങ്ങളിൽ വിവിധ കമ്പനികൾ ദശലക്ഷക്കണക്കിന് ദിർഹത്തിന്‍റെ കരാറുകളിലാണ് ഒപ്പുവെക്കുക.

ഇന്ത്യയിൽ നിന്ന് പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള കമ്പനികളുടെ സ്റ്റാളുകളും അഡിപെകിലുണ്ട്. പെട്രോളിയം പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇന്ത്യൻസ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.