Wed. Jan 22nd, 2025
വാഷിങ്ടൺ:

 

ഹ്രസ്വ വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ച് അന്വേഷിക്കണമെന്ന് രണ്ട് മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍മാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ടിക് ടോക്ക് ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുവെന്നാണ് ആരോപണം ഉയർന്നുവന്നിരിക്കുന്നത്. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന ടിക് ടോക്ക് അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും മറികടന്നിരുന്നു.

ദേശീയ രഹസ്യാന്വേഷണ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജോസഫ് മഗ്വയറിനുള്ള കത്തില്‍ സെനറ്റിലെ ഡെമോക്രാറ്റ് നേതാവായ ചക്ക് ഷമ്മറും റിപ്ലബ്ലിക്കന്‍ സെനറ്ററായ ടോം കോട്ടനുമാണ് ടിക് ടോക്ക് ഉടമ ആരോപണ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ കൈമാറാന്‍ നിര്‍ബന്ധിതരായേക്കുമെന്ന ആശങ്ക ഉയര്‍ത്തിയത്. ഇത് ഉപയോക്താക്കളുടെ ഫോണുകളിലേക്കും, കംപ്യൂട്ടറുകളിലേക്കും,  പ്രവേശനം അനുവദിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു.

അമേരിക്കയില്‍ മാത്രം 11 കോടിയിലധികം പേര്‍ ടിക് ടോക്ക് ഡൗണ്‍ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. നമ്മള്‍ക്ക് അവഗണിക്കാന്‍ കഴിയാത്തവിധം ചാരവൃത്തി ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഇത് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു. ചൈനയോട് അകലം പാലിച്ചുകൊണ്ടുള്ള വിശദീകരണമാണ് ഈ ആരോപണത്തിന് ടിക് ടോക്ക് നല്‍കുന്നത്.

ചൈനീസ് സര്‍ക്കാര്‍ ഉള്‍പ്പടെ ഒരു വിദേശ ഭരണകൂടവും ഞങ്ങളെ സ്വാധീനിക്കുന്നില്ലെന്ന് ടിക് ടോക്ക് പറഞ്ഞു. ചൈനീസ് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നുവെന്ന ആരോപണവും ടിക് ടോക്ക് നിഷേധിച്ചു. ഇന്ത്യയിലും ടിക് ടോക്ക് സമാനമായ ആരോപണം നേരിട്ടിരുന്നു. നിരോധനവും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പ്രാദേശികമായി വിവരങ്ങള്‍ ശേഖരിക്കുന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ അംഗീകരിച്ചതിനാല്‍ ടിക് ടോക്കിന് ഇന്ത്യയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.