Mon. Dec 23rd, 2024
കൊച്ചി ബ്യൂറോ:

വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വില്പനയില്‍ ഒക്ടോബര്‍ മാസം മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 1.53 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ മാസം കമ്പനി വിട്ടു തീർത്തത്. മുന്‍ വര്‍ഷം വിറ്റ 1.46 ലക്ഷത്തെക്കാള്‍ 4.5 ശതമാനമാണ് ഇപ്പോൾ വളര്‍ച്ച നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് 25.4 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്‌.

ഉത്സവകാല വില്പനയും ഓഫറുകളുമാണ് ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സഹായമായത്. മുന്‍ മാസങ്ങളില്‍ ഡിമാന്‍ഡ് കുറവായതിനാല്‍ വില്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ആഭ്യന്തര വില്പനയിലും 4.5 ശതമാനം വളര്‍ച്ച കമ്പനി കൈവരിച്ചു കഴിഞ്ഞു.

ആഭ്യന്തര വിപണിയില്‍ ആകെ 1.44 ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റ് കഴിഞ്ഞത്. മാരുതി നിരയിലെ ആകെ കാര്‍ വില്പന 4.4 ശതമാനം ഉയര്‍ന്ന് 1.06 ലക്ഷം യൂണിറ്റായി മാറി. കമ്പനിയുടെ മൊത്തം വില്പനയില്‍ 49 ശതമാനവും കോംപാക്ട് വിഭാഗത്തിന്റെ സംഭാവനയാണ്. ഒക്ടോബറില്‍ 15.9 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ കൈവരിച്ചത്.