Fri. Nov 22nd, 2024
#ദിനസരികള്‍ 928

 
എഴുത്തച്ഛന്‍ പുരസ്കാരം ആനന്ദിനാണ് എന്ന വാര്‍ത്ത ഏറെ സന്തോഷിപ്പിക്കുന്നു. കൃത്യമായും എത്തേണ്ട കൈകളിലാണ് ഇത്തവണ അതെത്തി നില്ക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. വര്‍ത്തമാനകാലത്ത് ആനന്ദിനെപ്പോലെ സ്ഥിതപ്രജ്ഞനായ മറ്റൊരാളെ ഈ പുരസ്കാരം സമ്മാനിക്കുവാന്‍ നമുക്ക് കണ്ടെത്തുക വയ്യ.

എന്താണ് ആനന്ദ് എന്നൊരു ചോദ്യമുന്നയിക്കപ്പെട്ടാല്‍ ഒരു വായനക്കാരനെന്ന നിലയില്‍ എന്തുത്തരമാണ് നല്കാനാകുക എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ചരിത്രത്തെ പ്രശ്നവത്കരിച്ചുകൊണ്ട് മനുഷ്യനെന്ന മൂല്യത്തോട് എങ്ങനെ പെരുമാറണം എന്ന് നിശ്ചയിച്ചെടുക്കുകയാണ് ആനന്ദ് പലപ്പോഴും ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. ‘ഇന്‍സ്റ്റന്‍റ്’ ചോദ്യങ്ങള്‍ക്ക് ‘ഇന്‍സ്റ്റന്റ്റ്’ ഉത്തരം എന്ന നടപ്പുകാല രീതിയിലല്ല അദ്ദേഹം പുലര്‍ന്നു പോകുന്നത്. മറിച്ച് അത് രൂപപ്പെട്ടുപോന്ന കാലത്തേയും നിലനിറുത്തിപ്പോന്ന വ്യവസ്ഥയേയും ഇന്നെത്തിനില്ക്കുന്ന അവസ്ഥയേയും പരിഗണിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് ഭൂതകാലത്തിന്റെ ഏതോ അടരുകളില്‍ നിന്നുമിറങ്ങി ഓടിയോടി വര്‍ത്തമാനകാലത്തിന്റെ പടവുകളിലേക്ക് ഗോവര്‍ദ്ധനന് കയറിനില്ക്കാന്‍ കഴിഞ്ഞത്.

ചൌപട് രാജാവിന്റെ കിങ്കരന്മാര്‍ ഇന്നും നമ്മുടെ നാട്ടിടങ്ങളിലൊക്കെ പതുങ്ങി നിന്ന് പാകമായ കഴുത്തുകള്‍ക്കു വേണ്ടി നിരപരാധികളെ പിടിച്ചുകൊണ്ടുപോകുന്നത് നാം കാണുന്നത്. ഇന്നത്തെക്കാലത്തെ ഒരെഴുത്തുകാരനെ അലട്ടുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും ഇന്നുമാത്രവുമല്ല ഇന്നലേയും ഇവിടെ നിലനിന്നിരുന്നുവെന്ന വേവലാതി ആനന്ദിനെ അലട്ടിയിട്ടുണ്ടാകണം. അതുകൊണ്ടാണ് പ്രഹസനമായി ആവര്‍ത്തിക്കപ്പെടുന്നവയെ ചേര്‍ത്തു വെച്ച് ഇന്നലേയും ഇന്നും നമ്മള്‍ ഇങ്ങനെത്തന്നെയായിരുന്നു, ഇനി നാളേയും അങ്ങനെത്തന്നെയായിരിക്കേണമോ എന്ന് ആനന്ദ് വേദനപ്പെടുന്നത്.

ഞാന്‍ ജനിക്കുന്നതിന് എത്രയോ മുമ്പ് എഴുതപ്പെട്ട ആള്‍ക്കൂട്ടമെന്ന നോവല്‍ ഞാന്‍ ജനിച്ചതിന് എത്രയോ കാലത്തിനു ശേഷമാണ് വായനക്കായി എന്റെ കൈകളിലേക്ക് എത്തുന്നത്. പലരും ആ നോവലിനെക്കുറിച്ച് പുകഴ്ത്തിപ്പറയുന്നത് കേട്ട് കേട്ടാണ് അതു തപ്പിപ്പിടിക്കുന്നത്. ഏറിയാല്‍ ഒരു പത്തു പേജായിരിക്കും ആദ്യം വായിച്ചിട്ടുണ്ടാകുക. അതിനു ശേഷം മടുത്ത് വലിച്ചെറിഞ്ഞു. പിന്നേയും മടങ്ങിച്ചെന്നു, പൂര്‍ത്തിയാക്കാനാകാതെ തിരിച്ചു പോന്നു. പിന്നീട് ഏറെക്കാലത്തിനു ശേഷമാണ്, അഭയാര്‍ത്ഥികളും മരുഭൂമികള്‍ ഉണ്ടാകുന്നതുമൊക്കെ വായിച്ചതിനു ശേഷമാണ് ആള്‍ക്കൂട്ടം എന്റെ വായനക്ക് വഴങ്ങിത്തന്നത്.

ഒ വി വിജയന്റെ ദാര്‍ശനിക വ്യഥകളോടും മാടമ്പിന്റെ അശ്വത്ഥാമാവിന്റെ അരാജകത്വത്തോടും ഒരേപോലെ എനിക്കുണ്ടായിരുന്ന വിധേയത്വം ഒരു പക്ഷേ ആനന്ദായിരിക്കണം തിരുത്തിത്തന്നത്. ആനന്ദ് ചൂണ്ടിക്കാണിച്ചു തന്ന ലോകങ്ങള്‍ വ്യത്യസ്തമായിരുന്നു. അകാല്പനികമായ ഒരു പാരമ്പര്യത്തിന്റെ പൊന്‍സൂചികൊണ്ട് അദ്ദേഹം എന്റെ പൊയ്ക്കണ്ണുകളെ കുത്തിപ്പൊട്ടിച്ചു. അതുവരെ ആ കണ്ണായിരുന്നു എന്റെ ശരീരത്തിന്റെ ശരിയായ അവയവം എന്ന ധാരണ അതോടെ തെറ്റാണെന്ന് തെളിഞ്ഞു.

മിനുസങ്ങളെ അധികം പരിചയമില്ലാത്ത ആനന്ദ് പ്രവര്‍ത്തിക്കുന്നത് മുനകളായിട്ടാണ്.അദ്ദേഹത്തിലേക്ക് പ്രവേശിക്കുന്നതോടെ മുനകളില്‍ ഉത്തരായന കാലം കാത്തുകിടക്കുന്നവനായി വായനക്കാരന്‍ പരിവര്‍ത്തിക്കപ്പെടുന്നു. നിരന്തരം പങ്കു വെച്ചും പുതുക്കിപ്പണിതും അവസാനിക്കാത്ത ഒരു യാത്രയിലേക്ക് നാം കൂപ്പുകുത്തുന്നു. സച്ചിദാനന്ദനുമായുള്ള ഒരു സംഭാഷണത്തില്‍ “എല്ലാ കാലത്തേയ്ക്കും യോജിക്കാവുന്ന ഒരു തത്വശാസ്ത്രമോ വരുവാനിരിക്കുന്നതിനെ മുഴുവന്‍ ഉള്‍‌ക്കൊള്ളാന്‍ കഴിയുന്ന ഒരു ചിന്തകനോ ഉണ്ടായിട്ടില്ല. നമുക്ക് ഒന്നിനേയും നിഷേധിക്കേണ്ടതില്ല, എന്നാല്‍ ഒന്നിലും ശാശ്വതമായി കെട്ടിയിടപ്പെടുകയും വേണ്ട” എന്നു സൂചിപ്പിക്കുന്നതു വായനക്കാരനു ആനന്ദ് നല്കുന്ന ചൂണ്ടുപലകയാണ്.

ആനന്ദ്, ഇന്നലെയുടേയും ഇന്നിന്റേയും നാളെയുടേയും എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെ എഴുത്തച്ഛന്‍ പുരസ്കാരം പുരസ്കൃതമായതിലുള്ള സന്തോഷം ഒരിക്കല്‍ കൂടി രേഖപ്പെടുത്തട്ടെ!

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.