Fri. Nov 22nd, 2024
തിരുവനന്തപുരം:

2019ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന്. സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. സാസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

സാഹിത്യകാരന്‍ എന്നതിനൊപ്പം രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര വിശകലനങ്ങളിലൂടെ സമകാലിക സമൂഹത്തെ ആഴത്തില്‍ രേഖപ്പെടുത്തിയ ചിന്തകനാണ് ആനന്ദ്. മനുഷ്യ ജീവിതത്തിന്‍റെ സങ്കീര്‍ണാനുഭവങ്ങളെ, ദാര്‍ശനികതയും തത്വചിന്തയും ചേര്‍ന്ന സവിശേഷ ഭാഷയില്‍ ആവിഷ്‌കരിച്ചവയായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളെല്ലാം.

‘അഭയാര്‍ഥികള്‍’, മരണസര്‍ട്ടിഫിക്കറ്റ്’, ‘ആള്‍ക്കൂട്ടം’, ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’, ‘ഗോവര്‍ധന്‍റെ യാത്രകള്‍’, ‘ഒടിയുന്ന കുരിശ്’, ‘നാലാമത്തെ ആണി’, ‘ജൈവമനുഷ്യന്‍’, വേട്ടക്കാരനും വിരുന്നുകാരനും’ തുടങ്ങി അദ്ദേഹത്തിന്‍റെ കൃതികള്‍ ഏറെ പ്രശസ്തമാണ്.

നോവല്‍, ചെറുകഥ, നാടകം, ലേഖനം, പഠനം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി ഇരുപതോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗോവര്‍ധന്‍റെ യാത്രകള്‍ക്ക് 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലിന് വയലാര്‍ അവാര്‍ഡും ലഭിച്ചു.

ആള്‍ക്കൂട്ടത്തിന് ലഭിച്ച യശ്പാല്‍ അവാര്‍ഡും അഭയാര്‍ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹം നിരസിക്കുകയായിരുന്നു. വിവര്‍ത്തനത്തിനുള്ള 2012ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ആനന്ദിന് ലഭിച്ചിട്ടുണ്ട്.

1936ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദിന്‍റെ ശരിയായ പേര് പി. സച്ചിദാനന്ദന്‍ എന്നാണ്. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം പട്ടാളത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ് ഡയറക്ടറായി ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു.

എഴുത്തുകാരായ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. എം മുകുന്ദന്‍, കെ ജയകുമാര്‍, സാസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.