Mon. Dec 23rd, 2024
#ദിനസരികള്‍ 802

പഴയ പുസ്തകങ്ങള്‍ക്കിടയില്‍ കൌതുകംകൊണ്ട് വെറുതെ പരതി നോക്കുകയായിരുന്നു ഞാന്‍. പല തവണ വായിച്ചതും ഇനിയും വായിച്ചു തീരാത്തതും ഇനിയൊരിക്കലും വായിക്കാന്‍ സാധ്യതയില്ലാത്തതുമായ പുസ്തകങ്ങളുടെ ശേഖരം. പലതും ദ്രവിച്ചിരിക്കുന്നു. ചിലതിന്റെയൊക്കെ പേജുകള്‍ കീറിയിരിക്കുന്നു. പക്ഷേ
കൂടുതല്‍ പുസ്തകങ്ങളും പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. പഴയ കാല പത്രമാസികളുടെ പേജുകളാണ് പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടുതലും ആഴ്ചപ്പതിപ്പുകള്‍. ഒരു പുസ്തകത്തിന്റെ കവറിനു പുറത്ത് കവി അയ്യപ്പന്റെ ജീവിതാനുഭവമുണ്ട്. മരിച്ചവന്റെ കീശയില്‍ നിന്നും പറന്ന അഞ്ചുരൂപ നോട്ടിലേക്ക് കണ്ണു നട്ടിരിക്കുന്നവന്റെ പരിദേവനങ്ങള്‍. വിശപ്പുകൊണ്ട് ചെരിപ്പു തിന്നേണ്ടി വന്നവന്റെ വിലാപങ്ങള്‍ – മലയാള മനോരമ ആഴ്ചപ്പതിപ്പിലെ പംക്തിയിലാണ് ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ എന്നു പേരിട്ട ഈ അനുഭവങ്ങള്‍‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓരോ പുസ്തകപ്പൊതിയിലും ഓരോ ചിത്രങ്ങളുണ്ടെന്നതാണ് കൌതുകമായിത്തോന്നിയത്. ഒരു കാലത്ത് ഏറ്റവും രസകരമായി വായിച്ചുപോയ മാത്യൂ മറ്റത്തിന്റെ ആലിപ്പഴത്തിന് മോഹന്‍ വരച്ച അതിമനോഹരമായ ചിത്രം ഇന്നും നിറം കെടാതെയിരിക്കുന്നു. മറ്റൊന്നിന്റെ പുറം സീതേ നീ കരയരുത് എന്ന നോവലാണ്. പല ചിത്രങ്ങളും ഏതു നോവലിലേതാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എന്തായാലും ശരിക്കും പഴമ മണക്കുന്ന പുസ്തകക്കൂട്ടത്തിലെ ഭൂരിഭാഗവും പൊതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു പുസ്തകവും പൊതിയാറേയില്ല.

രസകരമായി വായിച്ചു പോയ പുസ്തകങ്ങളും കൂട്ടത്തിലുണ്ട്. സുമോദ് മാത്യുവിന്റെ കുട്ടികളുടെ രാമായണം, വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രശ്നങ്ങള്‍, അത്ര പഴഞ്ചനല്ലാത്ത വായിച്ചാലും വായിച്ചാലും തീരാത്ത
പുസ്തകം, വിവിധ എഴുത്തുകാരുടെ കഥകള്‍ സമാഹരിച്ച പതിനൊന്ന് കഥകള്‍, ആദിയും അന്തവുമില്ലാത്ത കൊക്കോക ശാസ്ത്രം തുടങ്ങി ഒരു പാടുതവണ വായിച്ചവ. അതുകൊണ്ടുതന്നെ കുത്തിക്കെട്ടുകള്‍ ഇളകിയിരിക്കുന്നു. പേജുകള്‍ മഞ്ഞ നിറത്തിലായി പൊടിയാന്‍ തുടങ്ങിയിരിക്കുന്നു.

വിദ്യാര്‍ത്ഥി മിത്രം പ്രസിദ്ധീകരിച്ച മനുസ്മൃതിയില്‍ എന്റെ പേര് കൊത്തിയ സീല്‍ അടിച്ചിരിക്കുന്നു. അച്ഛന്‍ ഒരു യാത്ര കഴിഞ്ഞു വന്നപ്പോള്‍ കൊണ്ടു വന്നതാണ്. അന്ന് എനിക്ക് ഏകദേശം പന്ത്രണ്ടോ പതിമൂന്നോ
വയസ്സുകാണണം. കൈയ്യിലുണ്ടായിരുന്ന മുഴുവന്‍ പുസ്തകങ്ങളിലും ഞാന്‍ ആ സീല്‍ പ്രയോഗിച്ചിരുന്നു. നീല മഷിയില്‍ എന്റെ പേരു തെളിഞ്ഞു കിടക്കുമ്പോള്‍ തോന്നിയ ഒരാനന്ദം – അത് പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഇത്രയും കൊല്ലത്തിനു ശേഷം അതു കാണുമ്പോള്‍ എനിക്ക് ആ സന്തോഷം വീണ്ടും അനുഭവിക്കാന്‍ കഴിയുന്നു.

പാതിയും ചിതല്‍ തിന്നു പോയ ഒരു പുസ്തകം ഞാന്‍ കണ്ടെത്തി. എ.ആര്‍. രാജരാജ വര്‍മ്മയുടെ വൃത്തമഞ്ജരി. ഒരു പക്ഷേ ഈ പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഒരു കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് വൃത്തമഞ്ജരിയായിരിക്കും. കവിതാ രചനയുടെ വഴിയിലേക്ക് പ്രവേശിക്കണമെങ്കില്‍ വൃത്തവും അലങ്കാരവുമൊക്കെ അറിഞ്ഞിരിക്കണം എന്ന് എവിടെ നിന്നോ കിട്ടിയ അറിവ് ഈ പുസ്തകം കമ്പോടു കമ്പ് വായിച്ചു പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

വൃത്തങ്ങളുടെ ലക്ഷണങ്ങളും അവയെ കണ്ടെത്താനുള്ള രീതികളുമൊക്കെ എന്നില്‍ വേരു പിടിച്ചു. ചില ശ്ലോകങ്ങളൊക്കെ എഴുതി ഭാഷാപാണ്ഡിത്യം പരിശോധിച്ചു നോക്കിയിട്ടുണ്ടെന്നു കൂടി ഞാന്‍ ഏറ്റു
പറഞ്ഞു കൊള്ളട്ടെ! അത്തരത്തിലുള്ള പഴയ ഏതെങ്കിലും കുത്തിക്കുറിക്കലുകള്‍ ഇക്കൂട്ടത്തിലുണ്ടാകുമെന്ന പ്രതീക്ഷ എനിക്കില്ല. അവയെല്ലാം എങ്ങോ ഉപേക്ഷിക്കപ്പെട്ട് പൊലിഞ്ഞു പോയിരിക്കണം. ഒരു കാലത്ത് ഞാന്‍ കണ്ട സ്വപ്നങ്ങള്‍ അവയോടൊപ്പം ഏതൊക്കെയോ വഴികളിലൂടെ ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം പിരിഞ്ഞു പോയിരിക്കുന്നു.

ഏതോ ഒരു പുസ്തകത്തില്‍ നിന്നും വടിവൊത്ത ഒരു ആലില നിലത്തേക്ക് വീണു. പുസ്തകത്താളുകള്‍ക്കുള്ളില്‍ മയില്‍പ്പീലിയും ആലിലയുമൊക്കെ സൂക്ഷിച്ചു വെച്ചിരുന്നു. അത്തരത്തില്‍ എന്നോ ഞാന്‍ ഒളിപ്പിച്ച ആലിലയാണ് ഒരു കുട്ടിക്കാലത്തെ കൈപ്പിടിയിലേക്ക് ചൊരിഞ്ഞിട്ടിരിക്കുന്നത്. കുനിഞ്ഞെടുത്തു. ആകാംക്ഷാപൂര്‍വ്വം തിരിച്ചും മറിച്ചും നോക്കി. ഇലയുടെ നാഡി ഞരമ്പുകള്‍ തെളിഞ്ഞു നില്ക്കുന്നു. ബാല്യകാലത്തിന്റെ മുഴുവന്‍ സൌഗന്ധികങ്ങളും ഈ ഇലയില്‍ സമ്മേളിക്കുന്നുവെന്ന് എനിക്കു തോന്നി. ഞാന്‍ അതു പതിയെ മേശപ്പുറത്തിരുന്ന ഒരു പുസ്തകത്തിന്റെ മുകളിലേക്ക് വെച്ചു.

മകള്‍ കടന്നു വന്നത് ഞാനറിഞ്ഞില്ല. മേശക്കു മുകളില്‍ കയ്യെത്തിച്ച് പരതിയ ആ കുഞ്ഞിന് കിട്ടിയത് ആലിലയാണ്. ഞാന്‍ തിരിഞ്ഞു നോക്കുമ്പോഴേക്കും ഇല പലതായി കീറിയിരുന്നു. നല്ലത്. എല്ലാം കീറപ്പെട്ട് ഒരു തരിമ്പും ശേഷിക്കാത്ത വിധത്തില്‍ പൊലിഞ്ഞു പോകട്ടെ! പകരം പുതിയ കാലത്തിന്റെ പുതിയ പുതിയ സ്മരണകള്‍ സ്ഥാപിക്കപ്പെടട്ടെ! പകുതിയിലധികം ദ്രവിച്ചു കഴിഞ്ഞ ഞാന്‍ പോയ കാലത്തിന്റെ ശേഷിപ്പുകളില്‍ ഇനി കുതുകം കൊള്ളുന്നതെന്തിന്?

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *