Mon. Dec 23rd, 2024
ഗുവാഹത്തി:

 

ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി.) നിന്ന് 1.02 ലക്ഷം പേര്‍ കൂടി പുറത്തായി. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് ഒരു ലക്ഷം ആളുകളെക്കൂടി പുറത്താക്കിയത്. പട്ടികയില്‍ നിന്ന് പുറത്തായവരെ കത്തിലൂടെ വിവരം അറിയിക്കും. പരാതികളുണ്ടെങ്കില്‍ ഇവര്‍ക്ക് ജൂലായ് 11ന് എന്‍.ആര്‍.സി ഹെല്‍പ് സെന്ററുകളെ സമീപിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

2005 മേയിലാണ് സംസ്ഥാനത്തെ യഥാര്‍ത്ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പെടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍.ആര്‍.സി. പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എന്‍.ആര്‍.സി സെന്ററുകളും ആരംഭിച്ചിരുന്നു. 1951ലാണ് രാജ്യത്ത് അവസാനമായി എന്‍.ആര്‍.സി പുതുക്കിയത്. ഇതിനു ശേഷം പട്ടിക തയ്യാറാക്കാന്‍ മുന്നിട്ടിറങ്ങുന്ന ആദ്യ സംസ്ഥാനമാണ് അസാം. 2018 ജൂലായ് 30 നാണ് അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്.

3.28 കോടി പേര്‍ പൗരത്വത്തിനായി അന്ന് അപേക്ഷിച്ചെങ്കിലും 2.89 കോടി ആളുകള്‍ക്ക് മാത്രമാണ് കരട് പട്ടികയില്‍ ഇടംനേടാനായത്. 40 ലക്ഷത്തോളം ആളുകള്‍ അന്ന് പട്ടികയ്ക്ക് പുറത്തായിരുന്നു. കരടു പട്ടികയിലുള്‍പ്പെട്ട 2.89 കോടി ആളുകളില്‍നിന്നാണ് ഇപ്പോള്‍ ഒരു ലക്ഷം പേരെക്കൂടി ഒഴിവാക്കിയിട്ടുള്ളത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് 1979 ല്‍ അഖില അസാം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. 1985 ആഗസ്റ്റ് 15 ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കരാര്‍ ഒപ്പുവച്ചതോടെയാണ് ആറുവര്‍ഷം നീണ്ട പ്രക്ഷോഭം അവസാനിച്ചത്.

അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങളും വോട്ടവകാശവും ഇല്ലാത്തവരെന്നാണ് ഔദ്യോഗികഭാഷയില്‍ ‘ഡി വോട്ടര്‍’ എന്നതിന് നിര്‍വചനം. ഇങ്ങനെയുള്ള ഡി വോട്ടര്‍മാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവര്‍. ഇവരില്‍ പലരും നേരത്തേ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാകാം. എന്നാല്‍ നിലവില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ഇവരെ ജയിലിലേക്കോ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളിലേക്കോ അയയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *