മാഞ്ചസ്റ്റർ:
ലോകകപ്പില്‍ അജയ്യരായി മുന്നേറുന്ന ഇന്ത്യയ്ക്ക് ഐ.സി.സി. റാങ്കിംഗില്‍ മുന്നേറ്റം. ലോകകപ്പ് തുടങ്ങുമ്പോൾ ഒന്നാം റാങ്കിലായിരുന്ന ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മികച്ച പ്രകടനത്തിനൊപ്പം, ആതിഥേയരായ ഇംഗ്ലണ്ടിന്റെ മോശം പ്രകടനവും പുതിയ റാങ്കിംഗില്‍ പ്രതിഫലിച്ചു.
നിലവില്‍ 123 റേറ്റിങ് പോയിന്റുകളാണ് ഒന്നാം റാങ്കിലുള്ള ഇന്ത്യയ്ക്കുള്ളത്. രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 122 റേറ്റിങ് പോയിന്റുണ്ട്. ശ്രീലങ്കയ്‌ക്കെതിരെയും, ഓസ്‌ട്രേലിയക്കെതിരെയും തോല്‍വിയേറ്റു വാങ്ങിയതാണ് ഇംഗ്ലണ്ടിന് റാങ്കിംഗില്‍ ശരിക്കും തിരിച്ചടിയായത്. 116 റേറ്റിംഗ് പോയിന്റുള്ള ന്യൂസിലന്‍ഡാണ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ളത്.
ലോകകപ്പില്‍ ദയനീയ പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്ക റാങ്കിംഗില്‍ നാലാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയയാകട്ടെ 112 റേറ്റിംഗ് പോയിന്റോടെ നാലാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാന്‍ നേരത്തെയുണ്ടായിരുന്ന ആറാം സ്ഥാനത്ത് തുടരുകയാണ്. 92 റേറ്റിംഗ് പോയിന്റുള്ള ബംഗ്ലാദേശ് ഏഴാം സ്ഥാനത്തും, 78 റേറ്റിംഗ് പോയിന്റുള്ള ശ്രീലങ്ക പുതിയ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുമാണുള്ളത്.