Thu. Jan 23rd, 2025
എറണാകുളം:

 

കേരളത്തിലും മുലപ്പാല്‍ ബാങ്ക് ആരംഭിക്കുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലും, തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലുമാണ് സംസ്ഥാനത്തെ ആദ്യത്തെ മുലപ്പാല്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മുലപ്പാല്‍ ബാങ്ക് ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് 3201 നിയുക്ത ഗവര്‍ണര്‍ ആര്‍. മാധവ് ചന്ദ്രന്‍ പറഞ്ഞു. അമ്മമാരുടെ മുലപ്പാല്‍ ശേഖരിച്ച്, മുലപ്പാല്‍ ആവശ്യമുള്ള ശിശുക്കള്‍ക്കു ലഭ്യമാക്കുന്നതാണു ‘നെക്റ്റര്‍ ഓഫ് ലൈഫ്’ എന്നു പേരിട്ട പദ്ധതി. എറണാകുളം ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക. ശേഖരിച്ച മുലപ്പാല്‍ പാസ്ചറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിച്ചു റഫ്രിജറേറ്ററില്‍ സൂക്ഷിക്കും. ഇത് ആറു മാസം വരെ കേടാകില്ല.

ആവശ്യത്തിന് അനുസരിച്ച് നവജാത ശിശുക്കള്‍ക്കു പാല്‍ ലഭ്യമാക്കും. പ്രസവ സമയത്തും, വാക്‌സിനേഷനു വേണ്ടി വരുമ്‌ബോഴുമാണ് അമ്മമാരില്‍ നിന്നു മുലപ്പാല്‍ ശേഖരിക്കുക. പ്രസവത്തോടെ അമ്മ മരിച്ച നവജാത ശിശുക്കള്‍, മാസം തികയാതെ പിറന്ന കുഞ്ഞുങ്ങള്‍, ചികിത്സയിലുള്ള കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ബാങ്കില്‍ നിന്നു പാല്‍ ലഭ്യമാക്കും. മുലയൂട്ടാന്‍ കഴിയാത്ത അമ്മമാര്‍ക്ക് മുലപ്പാല്‍ ബാങ്കിലേക്കു നല്‍കുകയും ചെയ്യാം. മുലപ്പാല്‍ ബാങ്കിനെ കുറിച്ച് അമ്മമാര്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രചാരണം നടത്താന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂണിറ്റ് സജ്ജമാക്കാന്‍ 30-35 ലക്ഷം രൂപ ചെലവു വരും. കേരളത്തിലെ 2 കേന്ദ്രങ്ങള്‍ക്കു പുറമേ, കൊളംബോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും റോട്ടറി മുലപ്പാല്‍ ബാങ്ക് ആരംഭിക്കും. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ബാങ്ക് നവീകരിക്കും. ഏഷ്യയില്‍ ആദ്യമായി മുലപ്പാല്‍ ബാങ്ക് ആരംഭിച്ചത് 1989 ല്‍ മുംബൈയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *