കണ്ണൂർ:
ആന്തൂരില്‍ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കും. സസ്‌പെന്‍ഷനിലായ സെക്രട്ടറിയടക്കമുള്ളവരില്‍ നിന്നാണ് മൊഴിയെടുക്കുക.
ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന് ശേഷമാകും ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമളയുടെ മൊഴി രേഖപ്പെടുത്തുക. പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിദഗ്ദ്ധ സംഘത്തെക്കൊണ്ട് പരിശോധിപ്പിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
അന്വേഷണ സംഘം ഇന്നലെ കണ്‍വെന്‍ഷന്‍ സെന്ററിലെത്തി പരിശോധന നടത്തിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകാനാണ് സാധ്യത. എന്നാല്‍ സാജന്‍ ആത്മഹത്യ ചെയ്ത കേസില്‍ ശ്യാമളയ്ക്കതിരെ പ്രാഥമിക തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വൈകിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അനുമതി വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടല്‍ നടന്നതായി രേഖകള്‍ ലഭിച്ചിട്ടുണ്ട്. എഞ്ചിനീയര്‍ പറഞ്ഞിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നാണ് തെളിവ്.