തിരുവനന്തപുരം:
ജയിലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു. കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നിന്ന് ടി.പി കേസ് പ്രതികള്‍ അടക്കമുള്ളവരില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കെ.സി. ജോസഫ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ജയില്‍ ഗേറ്റുകളുടെ സുരക്ഷയ്ക്കായി ഐ.ആര്‍.ബി. സ്കോര്‍പിയന്‍ വിഭാഗത്തെ ചുമതലപ്പെടുത്തും. ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കും. ജാമറുകള്‍ കേടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ശരീരത്തില്‍ ഒളിപ്പിച്ചാണ് ഫോണുകള്‍ ജയിലിനുള്ളില്‍ എത്തിക്കുന്നത്. ജയില്‍ അന്തരീക്ഷത്തിന് ചേരാത്ത പലതും നടക്കുന്നുണ്ട്.’ മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഉത്തരവാദികളെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.