അലിഗഢ്:
ഒരാൾ പക്കോട ഉണ്ടാക്കി വിൽക്കുകയും ഒരു ദിവസം കഴിയാനാവുമ്പോൾ അയാൾക്ക് 200 രൂപ ലഭിക്കുകയും ചെയ്താൽ അത് ഒരു ജോലിയായി കണക്കാക്കുമോ ഇല്ലയോ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു അഭിമുഖത്തിൽ ചോദിച്ചത്. ഉത്തർപ്രദേശിലെ അലിഗഢിലെ ഒരു കടയിൽ കച്ചോരി ഉണ്ടാക്കി വിറ്റിട്ട് നികുതിവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ് കടയുടമ. 10- 12 കൊല്ലം പഴക്കമുള്ള കടയിൽ കച്ചോരി വിറ്റിട്ട് ഉടമയായ മുകേഷ് ഒരു വർഷം സമ്പാദിക്കുന്നത് 60 ലക്ഷം മുതൽ ഒരു കോടി വരെയാണ്.
60 ലക്ഷത്തിലധികം വാർഷികവരുമാനം ഉണ്ടെങ്കിലും മുകേഷ് ഇതുവരെ നികുതിയടച്ചിട്ടില്ലെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ടിൽ പറയുന്നു. നികുതി അടയ്ക്കാത്തതിനും, ജി.എസ്.ടിയുടെ കീഴിൽ കട റജിസ്റ്റർ ചെയ്യാത്തതിനും, മുകേഷ് കുമാറിന് നോട്ടീസ് നൽകിയിരിക്കുകയാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥർ.
മെയ് 20 ന് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കടയിൽ തിരച്ചിൽ നടത്തിയിരുന്നു. ഒരു ദിവസത്തെ വില്പനയിൽ നിന്ന് മുകേഷിന് 5500 രൂപയിലധികം കിട്ടുന്നുവെന്നാണ് അവർ കണ്ടെത്തിയത്.
പക്ഷേ, ആരോ തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്നും, ഒരു ദിവസത്തെ തന്റെ വരുമാനം രണ്ടായിരമോ മൂവായിരമോ ആണ് എന്നുമാണ് മുകേഷ് പറയുന്നത്.
വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും, അതുകഴിഞ്ഞ് കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും വാണിജ്യനികുതി വകുപ്പിലെ ഒരു ഓഫീസർ പറഞ്ഞു.