തിരുവനന്തപുരം:
അതീവ സുരക്ഷ നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളില്‍ ഇതു നടപ്പാക്കി റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 27ന് ഉള്ളില്‍ കൈപ്പറ്റണമെന്നു ഡീലര്‍മാര്‍ക്കു കര്‍ശന നിര്‍ദ്ദേശവും നല്‍കി. ഇതു സംബന്ധിച്ച് ആര്‍.ടി.ഒമാര്‍ക്കും ഡീലര്‍മാര്‍ക്കും ഗതാഗത കമ്മിഷണര്‍ കത്തയച്ചു.
മോഷണം തടയാന്‍ ലക്ഷ്യമിട്ടാണു വാഹനങ്ങളില്‍ അതീവസുരക്ഷ നമ്പർ പ്ലേറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമാക്കിയത്. ഹോളോഗ്രാം സ്റ്റിക്കറും ലേസര്‍ കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പറും ഉള്ള നമ്പർ പ്ലേറ്റുകള്‍ ഇളക്കി മാറ്റാനാവില്ല. വാഹനനിര്‍മ്മാതാക്കളോ ഡീലര്‍മാരോ നമ്പർ പ്ലേറ്റ് തയാറാക്കി ഉടമയ്ക്കു സൗജന്യമായി നല്‍കണം എന്നാണ് ചട്ടം. 3 മാസത്തിനിടെ വിറ്റഴിച്ചതില്‍ 1.20 ലക്ഷം വാഹനങ്ങള്‍ക്ക് ഇത്തരം നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിട്ടില്ല. നമ്പർ പ്ലേറ്റുകളിലുള്ള സ്ഥിര നമ്പർ ആര്‍.സി. ബുക്കില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതു ലഭ്യമാകാത്തതു കാരണം ഇവയ്ക്ക് ആര്‍.സി. ബുക്കും നല്‍കിയിട്ടില്ല.
വ്യാഴാഴ്ചയ്ക്കകം സുരക്ഷ നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിച്ച് ആര്‍.സി. ബുക്ക് കൈപ്പറ്റാത്ത ഡീലര്‍മാരുടെ വാഹനങ്ങള്‍ ഇനി മുതല്‍ റജിസ്റ്റര്‍ ചെയ്തു നല്‍കില്ല. കേന്ദ്രസര്‍ക്കാരിന്റ ഉത്തരവിറങ്ങി 3 മാസം കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഇതു നിര്‍ബന്ധമാക്കാന്‍ വൈകുന്നതു മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും വിട്ടുവീഴ്ച ചെയ്യേണ്ടന്നുമാണ് ഗതാഗത കമ്മിഷണര്‍ ആര്‍.ടി.ഒമാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.