Fri. Nov 22nd, 2024
#ദിനസരികള്‍ 800

 

ലോകസഭ ഇലക്ഷനിലുണ്ടായ തിരിച്ചടിയില്‍ നിന്നും പാഠമുള്‍‌ക്കൊണ്ട് മുന്നോട്ടു പോകാന്‍ തയ്യാറെടുക്കുന്ന സി.പി.ഐ.എമ്മിന്റെ വിശദമായ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ നിന്ന്:- “പാർട്ടി രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്തുന്നതിലും സംഘടനാശേഷിയും പ്രവർത്തനവും വർധിപ്പിക്കുന്നതിലും രാഷ്ട്രീയ ഇടപെടൽ കഴിവ് വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മോശപ്പെട്ട തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കണം. 2015 ഡിസംബറിൽ ചേർന്ന കൊൽക്കത്താ പ്ലീനം തീരുമാനങ്ങൾ നടപ്പാക്കിയതിന്റെ വിശദമായ അവലോകനം നടക്കേണ്ടതാണ്. ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനത്തിന്റെ ആവശ്യം തുടർച്ചയായ പ്രമേയങ്ങൾ എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടിട്ടില്ല. പാർടിയുടെ എല്ലാ തലങ്ങളിലും ഇലക്ട്രോണിക് വാർത്താ വിനിമയ ശൃംഖല ശക്തിപ്പെടുത്തണം. ജനങ്ങളുടെ പൊള്ളുന്ന പ്രശ്നങളിൽ സമരങ്ങൾ സ്വതന്ത്രമായും സമാനചിന്താഗതിക്കാരായ പാർടികളും സാമൂഹ്യശക്തികളുമായും ചേർന്നു നടത്താനുള്ള പദ്ധതികൾ തയ്യാറാക്കണം.”

വസ്തുതകളെ മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും സി.പി.ഐ.എമ്മിനുള്ള ശേഷി അഭിനന്ദനീയമാണെങ്കിലും തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ – സവിശേഷമായി പറഞ്ഞാല്‍ നയപരമായ വിഷയങ്ങളില്‍ പ്രത്യേകിച്ചും – വീഴ്ചകള്‍ സംഭവിച്ചിരിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഉദാഹരണത്തിന് 1980 കള്‍ മുതലേ കേന്ദ്ര കമ്മറ്റി ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടക്കണമെന്ന് നിര്‍‌ദ്ദേശിക്കുന്നതാണ്. ആ നിര്‍‌ദ്ദേശം കൃത്യമായും നടപ്പിലാക്കാത്തതുകൊണ്ട് 2004 ൽ വീണ്ടും ഇതേ വിഷയത്തില്‍ വീണ്ടും സര്‍ക്കുലറില്‍ കര്‍ശനമായി നടപ്പിലാക്കേണ്ടതാണ് എന്ന നിര്‍‌ദ്ദേശമുണ്ട്. എന്നാല്‍ ഇതുവരെ ആ തീരുമാനം ഫലവത്തായി നടപ്പിലായിട്ടില്ല എന്നു തന്നെയാണ് ഈ അവലോകന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വര്‍ത്തമാനകാലത്തോട് സംവദിച്ചുകൊണ്ട് ഇടതുപക്ഷത്തെ നയിക്കാന്‍ സി.പി.ഐ.എമ്മിനുള്ള ശേഷിയെയാണ് വിരുദ്ധപക്ഷക്കാര്‍ ഭയപ്പെടുന്നത്. ആ ശേഷിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ചുറ്റും കൊണ്ടു പിടിച്ച് നടക്കുന്നതെന്ന് മനസ്സിലാക്കുകയാണ് പ്രതിരോധങ്ങളുടെ ആദ്യപടി. ദേശാഭിമാനിയെക്കാള്‍ മലയാള മനോരമയ്ക്ക് പാര്‍ട്ടി അണികളുടെയിടയില്‍ സ്വീകാര്യത ലഭിക്കുന്നുവെങ്കില്‍ അതെന്തുകൊണ്ടാണെന്ന് ചിന്തിക്കുവാനാണ് നാം ഏറിയ കൂറും ചിലവഴിക്കേണ്ടത്. ഈ വ്യതിയാനം എങ്ങനെയാണ് അണികളിലേക്ക് എത്തിപ്പെട്ടത് എന്ന അന്വേഷണത്തിന് സുവ്യക്തമായ ഒരുത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പ്രശ്നപരിഹാരങ്ങളുടെ തുടക്കമായി എന്നു ഞാന്‍ കരുതുന്നു.

വിശ്വാസ്യത ഒരു വലിയ ഘടകമാണ്. വ്യക്തിയാണെങ്കിലും പ്രസ്ഥാനമാണെങ്കിലും ജനതയുടെയിടയില്‍ വിശ്വാസ്യതയുണ്ടാകുക എന്നു പറയുന്നത് ഒരു നല്ല ഗുണമാണ്.വലതുപക്ഷവത്കരണത്തിന്റെ ഇക്കാലത്ത് ഇടതുപക്ഷത്തിന് ഒരേയൊരു ആയുധമേയുള്ളു – ജനതയോട് വിശ്വസ്തരായിരിക്കുക.അവരുടെ പ്രതിസന്ധികളില്‍ നാം തീര്‍ച്ചയായും ഒപ്പമുണ്ടാകും എന്ന ബോധ്യമുണ്ടെങ്കില്‍ അണികളിലൊരാള്‍ പോലും മറുകണ്ടം ചാടുമെന്ന് കരുതേണ്ടതില്ല.

ഇത്തരുണത്തില്‍ ഞാന്‍ ചൈനയില്‍ നടന്ന സാംസ്കാരിക വിപ്ലവത്തെ ഓര്‍മ്മിപ്പിക്കുന്നത്, പലരും വിഡ്ഢിത്തമെന്ന് വിലയിരുത്തിയാലും, അനുചിതമായിരിക്കില്ലെന്ന് കരുതുന്നു. പാര്‍ട്ടിയില്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ തിരികെക്കൊണ്ടുവരാനായി 1966 ല്‍ ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തില്‍ നടന്ന ആന്തരികമായ ഇടപെടലുകളെ നാം ആദരവോടെ അനുസ്മരിക്കേണ്ടതുണ്ട്. കേഡര്‍മാരിലെങ്കിലുമുണ്ടായിരിക്കുന്ന വലതുപക്ഷ വ്യതിയാനങ്ങളെ തിരുത്താനും തിരിച്ചു കൊണ്ടുവരാനും വേണ്ടി ചില യാതനകളെ ഇടതുപക്ഷം സഹിക്കുകതന്നെ വേണം. അര്‍ബുദത്തിന് ചികിത്സിക്കുമ്പോളുണ്ടാകുന്ന വേദന ആളു മരിക്കാതിരിക്കാന്‍ അനുഭവിക്കേണ്ടതുതന്നെയാണ്.

ഇടപെടലുകള്‍ ഉണ്ടായേ തീരൂ എന്ന തിരിച്ചറിവ് നേതൃത്വത്തിന് ഉണ്ടായിരിക്കുന്നുവെന്നതാണ് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്. അണികളില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനുതകുന്ന തരത്തിലുള്ള തീരുമാനങ്ങളുണ്ടായാല്‍ ഈ പാര്‍ട്ടി ഇനിയും കുതികൊള്ളുക തന്നെ ചെയ്യും. അതല്ലെങ്കില്‍ കണ്ണാടിക്കൂട്ടിലെ ചരിത്ര നിക്ഷേപമാകാനുള്ള വിധിയായിരിക്കും കാത്തിരിക്കുന്നുണ്ടാകുക എന്ന് വേദനയോടെ പറയേണ്ടിവരുന്നു.

ക്യൂബന്‍ പ്രതിസന്ധിയുടെ കാലത്ത് ബര്‍ട്രന്റ് റസ്സല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ നിന്നും ഞാനുദ്ധരിക്കട്ടെ – “ഇങ്ങനെയായിരിക്കും നമ്മുടെ അന്ത്യമെന്ന് വിശ്വസിക്കാന്‍ എനിക്കാവുന്നില്ല. ഒരു നിമിഷത്തേക്കെങ്കിലും ശത്രുത മറന്ന് സ്വയം ചിന്തിക്കുകയാണങ്കില്‍, നാം നമ്മെ അതിജീവിക്കുവാന്‍ അനുവദിക്കുകയാണെങ്കില്‍ ഭൂതകാലത്തില്‍ നമ്മള്‍ നേടിയ വിജയങ്ങളെക്കാള്‍ വലിയ വിജയങ്ങള്‍ ഭാവിയില്‍ നേടാനാകും. അതല്ല പരസ്പരം വൈരം മറക്കാനാകാത്തതിന്റെ പേരില്‍ മരണം തിരഞ്ഞെടുക്കാനാണോ നമ്മള്‍‌ ആഗ്രഹിക്കുന്നത്? ഒരു മനുഷ്യജീവി എന്ന നിലയില്‍ പറയട്ടെ നിങ്ങളിലുള്ള മനുഷ്യത്വത്തെ ഓര്‍ക്കുക, മറ്റെല്ലാം മറന്നേക്കുക. അത് നിങ്ങള്‍ക്കാകുമെങ്കില്‍ പുതുസ്വര്‍ഗ്ഗത്തിലേക്കുള്ള വഴി നമുക്ക് മുന്നില്‍ തുറക്കപ്പെടും. അതിന് സാധിക്കുന്നില്ലെങ്കില്‍ ലോകവ്യാപകമായ മരണമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല.”

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *