Wed. Jan 22nd, 2025
ലോഡ്‌സ് :

നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. നിർണ്ണായക മത്സരത്തിൽ 64 റ​ണ്‍​സി​നാ​ണ് ലോ​ക​ക​പ്പ് നേ​ടാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ടീം ​എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി എ​ത്തി​യ ഇം​ഗ്ല​ണ്ടി​നെ കംഗാരുക്കൾ മുട്ടുകുത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 285 റണ്‍സെടുത്തത്. ഈ ലോകകപ്പിലെ രണ്ടാമത്തെയും ഏകദിനത്തിലെ 15–ാമത്തെയും സെഞ്ചുറി കുറിച്ച ഫിഞ്ചും, ഈ ലോകകപ്പിലെ റൺനേട്ടം 500ൽ എത്തിച്ച ഡേവിഡ് വാർണറുമാണ് ഓസീസ് ഇന്നിങ്സിനു കരുത്തു പകർന്നത്. ഫിഞ്ച് 100 റൺസെടുത്തും വാർണർ 53 റൺസെടുത്തും പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു.

ഉസ്മാൻ ഖവാജ (29 പന്തിൽ 23), സ്റ്റീവ് സ്മിത്ത് (34 പന്തിൽ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയാണ് ഓസീസ് സ്കോർ 285ൽ എത്തിച്ചത്. കാരി 27 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 38 റൺസെടുത്തു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 10 ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, മോയിൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതൽ പിഴച്ചു. ജയിംസ് വിൻസ് (പൂജ്യം), ജോ റൂട്ട് (ഒൻപതു പന്തിൽ എട്ട്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (ഏഴു പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലേ വീണു. ബെൻ സ്റ്റോക്സിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിന്റെ തോൽവിഭാരം കുറച്ചത്. സ്റ്റോക്സ് 115 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 89 റൺസെടുത്തു. ജോണി ബെയർസ്റ്റോ (39 പന്തിൽ 27), ജോസ് ബട്‍ലർ (27 പന്തിൽ 25), ക്രിസ് വോക്സ് (34 പന്തിൽ 26), ആദിൽ റഷീദ് (20 പന്തിൽ 25) എന്നിവരാണ് കുറച്ചെങ്കിലും ഇംഗ്ലീഷ് നിരയിൽ പിടിച്ചു നിന്നത്.

10 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി അ​ഞ്ച് ഇം​ഗ്ലീ​ഷ് വി​ക്ക​റ്റു​ക​ൾ പി​ഴു​ത പേ​സ​ർ ജേ​സ​ണ്‍ ബെ​ഹ്റെ​ൻ​ഡോ​ർ​ഫി​ന്‍റെ ക​രി​യ​ർ ബെ​സ്റ്റ് പ്ര​ക​ട​ന​മാ​ണ് ഓ​സീ​സി​ന്‍റെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ഉറച്ച പിന്തുണ നൽകി. മാർക്കസ് സ്റ്റോയ്നിസിനാണ് ശേഷിച്ച വിക്കറ്റ്.‌

ഏകദിന സ്‌പെഷലിസ്റ്റുകളായ ഇംഗ്ലണ്ടിന്റെ മൂന്നാം തോൽവിയാണിത്. നേരത്തെ അവർ പാക്കിസ്ഥാനോടും, ശ്രീലങ്കയോടും തോറ്റിരുന്നു. പോയിന്റ് പട്ടികയിൽ ഇപ്പോൾ നാലാം സ്ഥാനത്ത് ഉണ്ടെങ്കിലും ഇംഗ്ലണ്ടിന് ഇനി ശക്തരായ ന്യൂസിലൻഡിനെയും, ഇന്ത്യയെയുമാണ് അടുത്ത മത്സരങ്ങളിൽ നേരിടാനുള്ളത്. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം തുലാസിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *