കണ്ണൂർ:
ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറി അന്വേഷണസംഘം കണ്ടെത്തി. ഡയറിയില്‍ പല നിര്‍ണായക വിവരങ്ങളുമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. 15 കോടി ചിലവില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം പൊളിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടതില്‍ മനം നൊന്താണ് പ്രവാസി വ്യവസായി സാജന്‍ ജീവനൊടുക്കിയത്.
സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള, സെക്രട്ടറി എം.കെ ഗിരീഷ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ കലേഷ് എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് സാജന്റെ ഭാര്യ ഇ.പി. ബീന പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഡയറി കണ്ടെത്തുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നഗരസഭ ഉദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് സാജന്റെ അദ്ധ്വാനവും സമ്പാദ്യവും നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് ആത്മഹത്യയില്‍ അഭയം പ്രാപിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.