Wed. Jan 22nd, 2025
കൊച്ചി:

 

ഏലക്കയുടെ വില സര്‍വകാല റെക്കോഡിനുമപ്പുറത്തേക്ക് കുതിക്കുന്നു. 5,000 രൂപയാണ് ഏലത്തിന്റെ വില. സ്‌പൈസസ് പാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ഇ-ലേലത്തിലാണ് സ്വപ്നവില രേഖപ്പെടുത്തിയത്. ലേലത്തില്‍ പതിഞ്ഞ 13951.2 കിലോഗ്രാമില്‍ മുഴുവന്‍ ഏലക്കയും വിറ്റുപോയപ്പോള്‍ ഉയര്‍ന്ന വില കിലോക്ക് 5,000 രൂപയും ശരാശരി വില കിലോക്ക് 3,244.84 രൂപയുമാണ് ലഭിച്ചത്. നേരത്തേ ലഭിച്ച ഏറ്റവും ഉയര്‍ന്ന വില കഴിഞ്ഞയാഴ്ച വണ്ടന്‍മേട് മാസ് ഏജന്‍സിസ് നടത്തിയ ഇ-ലേലത്തില്‍ ലഭിച്ച 4,503 രൂപയാണ്.

ശരാശരി വിലയിലും വന്‍ വര്‍ദ്ധനവാണ് വ്യാഴാഴ്ച ഉണ്ടായത്. 3,244.84 രൂപ ശരാശരി വില ലഭിക്കുന്നതും ഇതാദ്യമാണ്. ശരാശരി വിലയായി കിലോക്ക് 3,180 രൂപയാണ് മുമ്പ് ലഭിച്ചിട്ടുള്ളത്. കിലോക്ക് 5,000 രൂപയിലേക്കുള്ള കുതിപ്പ് കര്‍ഷകര്‍ സ്വപ്നത്തില്‍പോലും കണ്ടതല്ല. പ്രളയവും തുടര്‍ന്ന് വന്ന ഉണക്കും ഏലംകൃഷിക്ക് കനത്ത നഷ്ടമാണ് വരുത്തിയിരുന്നത്. ഇതോടെ ഉത്പാദനം മൂന്നിലൊന്നായി ചുരുങ്ങിയതാണ് വിലക്കുതിപ്പിനു പ്രധാന കാരണം.

സീസണ്‍ ആരംഭിക്കാന്‍ ഇനി മൂന്നുമാസം കൂടി കാത്തിരിക്കണം. കൃഷി നശിച്ചതിനാല്‍ വിളവെടുപ്പ് ആരംഭിച്ചാല്‍പോലും ഡിമാന്‍ഡിനൊത്ത് ചരക്ക് മാര്‍ക്കറ്റില്‍ എത്താനും വഴിയില്ല. ഇക്കാരണങ്ങളാല്‍ വരും ദിവസങ്ങളിലെ ലഭ്യതക്കുറവ് മുന്‍കൂട്ടി കണ്ട് ദീപാവലി സീസണു മുന്നോടിയായി ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഉയര്‍ന്ന വില ക്വാട്ട് ചെയ്ത് ഏലം വാങ്ങാന്‍ മത്സരിച്ചതാണ് വില ഇത്ര ഉയരത്തിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *