Wed. Nov 6th, 2024
ന്യൂഡൽഹി:

 

രാജ്യസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട് ഉം ബിഹാറിലെ ഒരു സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് 11 മണിക്ക് ഗാന്ധി നഗറില്‍ നാമനിര്‍ദേശ പത്രിക നല്‍കും. ജുഗല്‍ജി ഠാക്കോറാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി.

അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗുജറാത്തില്‍ രണ്ട് ഒഴിവ് വന്നത്. ഒഡിഷയില്‍ നിന്ന് ബി.ജെ.ഡിയുടെ സസ്മിത് പത്ര, അമര്‍ പട്നായ്ക്ക്, ബി.ജെ.പിയുടെ അശ്വിനി വൈഷ്ണവ് എന്നിവരും ബിഹാറില്‍ നിന്ന് രാംവിലാസ് പാസ്വാനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 28 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ഇതിനിടെ ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വ്യത്യസ്ത ദിനങ്ങളില്‍ നടത്തുന്നതിന് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോണ്‍ഗ്രസ്സാണ് ഇതിനെതിരെ ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. ഡല്‍ഹി, ബോംബെ ഹൈക്കോടതികളുടെ നേരത്തെയുള്ള വിധികള്‍ വിശദീകരിച്ച് നടപടിയില്‍ തെറ്റില്ലെന്ന് കമ്മീഷന്‍ മറുപടി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *