Mon. Dec 23rd, 2024

പ്രിയപ്പെട്ട ശ്രീ. മോദി,

 

ആറു കോടി ഗുജറാത്തികൾക്ക് ഒരു തുറന്ന കത്തെഴുതാൻ തീരുമാനമെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. അതെനിക്ക് താങ്കളുടെ മനസ്സിലേക്കുള്ള ഒരു വഴിയാവുമെന്നു മാത്രമല്ല, അതേ രീതിയിൽ താങ്കൾക്കും എഴുതാൻ എനിക്കുള്ള ഒരവസരം കൂടിയാവും.

എന്റെ പ്രിയ സഹോദരാ, ജാകിയ നസീം എഹ്‌സാനും, ഗുജറാത്ത് സർക്കാരും എതിർകക്ഷികളായിട്ടുള്ള കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയും, പാസ്സാക്കിയ ഉത്തരവും താങ്കൾ പൂർണ്ണമായും തെറ്റായി മനസ്സിലാക്കിയതായി തോന്നുന്നു.

താങ്കളുടെ ഉപദേഷ്ടാക്കൾ താങ്കളെ ഒരിക്കൽക്കൂടെ തെറ്റായി നയിച്ചിരിക്കുന്നു. അതിന്റെ ഫലമായി നിങ്ങളെ നേതാവായി തിരഞ്ഞെടുത്ത ആറുകോടി ഗുജറാത്തികളെ നിങ്ങളും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

രാഷ്ട്രീയ തലങ്ങളിൽ ആഹ്‌ളാദവും ആഘോഷവും നടത്താനിടയാക്കിയ വിധിന്യായവും ഉത്തരവും ഗുജറാത്തിയായ ഒരു ഇളയ സഹോദരൻ എന്ന നിലയ്ക്ക് വ്യക്തമാക്കിത്തരാൻ ശ്രമിക്കാം.

“സുപ്രീം കോടതിയുടെ വിധിയിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. 2002 ലെ കലാപത്തിനുശേഷം, എനിക്കും, ഗുജറാത്ത് സർക്കാരിനും എതിരെയുണ്ടായ, തെളിവില്ലാത്തതും അടിസ്ഥാനരഹിതമായതുമായ ആരോപണങ്ങൾ മൂലം ഉണ്ടായ സുഖകരമല്ലാത്ത അന്തരീക്ഷത്തിന് ഒരു അന്ത്യം വന്നിരിക്കുകയാണ്.” എന്നാണ് താങ്കളുടെ കത്തിൽ പറഞ്ഞിരിക്കുന്നത്.

ശ്രീമതി ജാക്കിയ ജാഫ്രി സമർപ്പിച്ച പരാതിയിലെ ആരോപണങ്ങളൊന്നും, അടിസ്ഥാനരഹിതമോ, തെറ്റോ ആണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവിൽ എവിടെയും പറഞ്ഞിട്ടില്ല. ഗുജറാത്ത് കലാപത്തിൽ ഇരയായവർക്ക് നീതി ലഭിക്കാനുതകുന്ന തരത്തിലേക്കാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത് എന്നതാണു വാസ്തവം. ശ്രീമതി ജാഫ്രി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത് അവരുടെ പരാതി ഒരു കേസ് ആയിട്ട് റജിസ്റ്റർ ചെയ്യാനുള്ള നിവേദനവുമായിട്ടാണെന്ന് നിങ്ങൾക്കു നല്ലതുപോലെ അറിയാം.

ആ നിവേദനത്തിനു ഗുജറാത്ത് ഹൈക്കോടതി അനുമതി നിഷേധിച്ചു. അതുകൊണ്ട് ശ്രീമതി ജാഫ്രി, ഹൈക്കോടതി വിധിയ്ക്കെതിരായി സുപ്രീം കോടതിയെ സമീപിച്ചു. ബഹുമാനപ്പെട്ട സുപ്രീം കോടതി , അവരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ, പ്രത്യേക അന്വേഷണസംഘത്തിന് നിർദ്ദേശം നൽകി. കൂടാതെ, പ്രത്യേക അന്വേഷണസംഘം ശേഖരിച്ച തെളിവുകൾ പരിശോധിക്കാൻ അമിക്കസ്സിനും നിർദ്ദേശം നൽകി.

നീണ്ടതും കഠിനമായതുമായ ഈ പ്രക്രിയകൾക്കു ശേഷം ബഹുമാനപ്പെട്ട സുപ്രീം കോടതി, ശ്രീമതി ജാഫ്രിയുടെ നിവേദനത്തിന് അനുമതി നൽകിയെന്നു മാത്രമല്ല, ശ്രീമതി ജാഫ്രിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യാനും, ക്രിമിനൽ പീനൽ കോഡിലെ 173(3) വകുപ്പു പ്രകാരം ഒരു റിപ്പോർട്ട് സമർപ്പിക്കാനും പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു.

173(3) വകുപ്പു പ്രകാരമുള്ള ഈ റിപ്പോർട്ട്, ചാർജ് ഷീറ്റ് അഥവാ അവസാന റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നതെന്ന് താങ്കളുടേയും, താങ്കളുടെ ആറുകോടി ഗുജറാത്തി സഹോദരീസഹോദരന്മാരുടേയും പ്രയോജനത്തിനായി ഞാൻ വ്യക്തമാക്കിക്കൊള്ളട്ടെ.

അമിക്കസ്സിന്റെ റിപ്പോർട്ടുകളടക്കം, ശേഖരിച്ച എല്ലാ തെളിവുകളും മജിസ്ടേറ്റിനു മുന്നിലെത്തിക്കാനും ബഹുമാനപ്പെട്ട സുപ്രീം കോടതി പ്രത്യേകാന്വേഷണസംഘത്തിനു നിർദ്ദേശം നൽകി. രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അതിന്റേതായ സമയം നൽകിക്കൊണ്ട് ക്രിമിനൽ കോഡ് നടപടിക്രമം അനുസരിച്ച്, സുപ്രീം കോടതിയുടെ മുന്നിലുള്ള ഏറ്റവും മികച്ച കാര്യം ആണിതെന്ന് നിങ്ങൾ അംഗീകരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ശ്രീമതി ജാഫ്രി എന്താഗ്രഹിച്ചോ, അതിലും കൂടുതലാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി അവർക്കു നൽകിയത്.

ഗൂഡലക്ഷ്യത്തിനു വേണ്ടി, മനഃപൂർവ്വമോ, അശ്രദ്ധമോ ആയി ഗുജറാത്തിലെ ജനങ്ങളെ, നിങ്ങളെപ്പോലെയുള്ളവർ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, ഗുജറാത്തിലെ ആറുകോടിയിലെ ഒരാളെന്ന നിലയ്ക്ക് എനിക്ക് അതിയായ വിഷമവും, കബളിക്കപ്പെട്ടെന്ന തോന്നലും ഉണ്ട്. അഡോൾഫ് ഹിറ്റ്ലറുടെ അടുത്ത അനുയായിയായ പോൾ ജോസഫ് ഗോബൽ‌സ് നടപ്പിലാക്കിയിരുന്ന അത്തരം നടപടികൾ ഭൂരിപക്ഷം ജനങ്ങളുടെ അടുത്തും കുറച്ചുനാൾ നടക്കും. പക്ഷേ, ഗോബൽ‌ഷ്യൻ പ്രചാരണം എല്ലാ ജനങ്ങളേയും എല്ലാക്കാലത്തും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം.

വിദ്വേഷത്തെ വിദ്വേഷം കൊണ്ട് ഒരിക്കലും കീഴടക്കാനാവില്ല എന്ന താങ്കളുടെ തിരിച്ചറിവിനെ ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു. കഴിഞ്ഞ പത്തുകൊല്ലം സംസ്ഥാനം ഭരിച്ച താങ്കൾക്കും, ഇന്ത്യൻ പോലീസ് സേനയിൽ 23 വർഷം സേവനമനുഷ്ഠിച്ച എനിക്കുമല്ലാതെ ഇക്കാര്യം പിന്നെ ആർക്കാണ് നന്നായി അറിയാവുന്നത്? 2002 ൽ, ഗുജറാത്തിൽ പലയിടത്തും വെറുപ്പിന്റെ നൃത്തം അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ നിങ്ങളോടൊപ്പം സേവനമനുഷ്ഠിക്കേണ്ടി വന്നു എന്നൊരു ദൌർഭാഗ്യം എനിക്കുണ്ടായി. നമ്മുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുകയും, വിശദമായി വെളിപ്പെടുത്തുകയും ചെയ്യേണ്ട ശരിയായ സ്ഥലം ഇതല്ല. ഗുജറാത്തിലെ യഥാർത്ഥ രാഷ്ട്രീയത്തിൽ ഉള്ള വിദ്വേഷത്തെക്കുറിച്ച് വെളിപ്പെടുത്താൻ ഉചിതമായ അവസരങ്ങൾ നമുക്കു രണ്ടുപേർക്കും കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.

നിങ്ങളും, സർക്കാരിനകത്തും, പുറത്തുമുള്ള നിങ്ങളുടെ ഉറ്റസുഹൃത്തുക്കളും ഇക്കാരണത്താൽ എന്നെ കൂടുതൽ വെറുക്കില്ലെന്നു കരുതുന്നു.

അകൃത്രിമമായ ഒരു മൂല്യം നമുക്ക് ആവശ്യപ്പെടാനോ, വാങ്ങാനോ, പിടിച്ചെടുക്കാനോ കഴിയില്ല. അത് കിട്ടാൻ വേണ്ടി പ്രയത്നിക്കാനേ കഴിയൂ. അത് ചെറിയൊരു പ്രവൃത്തിയല്ല. മഹാത്മാഗാന്ധിയുടെ നാട്, പതുക്കെയാണെങ്കിലും അതിന്റെ ഹിപ്നോടിക് അവസ്ഥയിൽനിന്നു തീർച്ചയായും പുറത്തുവരുന്നുണ്ട്.

ഗുജറാത്തിലെ ഏറ്റവും ഉയർന്ന അധികാരമുള്ള മനുഷ്യൻ എന്ന നിലയ്ക്ക് സമുദായത്തിലെ എല്ലാവരുടേയും അവബോധത്തിനൊത്ത് ഉയരണം എന്നു നിങ്ങൾക്ക് തോന്നുണ്ടാവില്ല. പക്ഷേ, എന്നെ വിശ്വസിക്കണം, പരിശുദ്ധമായ ഒരു ഉദ്ദേശ്യം ഇല്ലെങ്കിൽ അത് അപകടം നിറഞ്ഞ ഒരു വഴിയാണ്. തിരിച്ചുവരാൻ കഴിയാത്ത ഒരു വഴിയും കൂടെയാണ്.

സദ്ഭാവനയ്ക്കു മുമ്പു വരേണ്ട ഒന്നാണ് സമഭാവം. തുല്യതയും മൂല്യവും ചേർന്ന ഒരു ഭരണം നിങ്ങളുടെ വിശ്വാസത്തിന്റെ ആദ്യത്തെയും അവസാനത്തെയും അദ്ധ്യായം ആയിരിക്കണം.

സത്യം മിക്കപ്പോഴും കയ്പുള്ളതും വിഴുങ്ങാൻ പ്രയാസമുള്ളതുമായിരിക്കും. ഈ എഴുത്ത് നിങ്ങൾ അതിന്റെ യഥാർത്ഥത്തിൽ ഉദ്ദേശിച്ച അർത്ഥത്തിൽ എടുക്കുമെന്നും, നിങ്ങളോ നിങ്ങളുടെ ആൾക്കാരോ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റിമറിക്കുകയില്ലെന്നും പ്രത്യാശിക്കുന്നു.

എവിടെയെങ്കിലും അനീതി ഉണ്ടെങ്കിൽ അത് നീതിയ്ക്ക് ഒരു ഭീഷണിയാണെന്നാണ് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ പറഞ്ഞത്. ഗുജറാത്തിൽ, നീതിയ്ക്കു വേണ്ടി പോരാടുന്ന ഹതഭാഗ്യരുടെ ഊർജ്ജം ദുർബലമായേക്കാം, പക്ഷേ അതിനെ ഒരുതരത്തിലും അടിച്ചമർത്താൻ കഴിയില്ല. നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടം ലോകത്തൊരിടത്തും അത്ര എളുപ്പമല്ല. അതിന് അന്ത്യം വരെ നിലനിൽക്കുന്ന ക്ഷമയും, കുറ്റമറ്റതായ പരിപാലനവും വേണം.

ഗുജറാത്തിൽ, നീതിയ്ക്കും സത്യത്തിനും വേണ്ടി പോരാടുന്നവരെ ചിത്രീകരിക്കുന്ന ഒരു കവിത ബറോഡ് എം. എസ്. സർവകലാശാലയിലെ ഭുചുങ് സോനം എഴുതിയിട്ടുണ്ട്.

 

എനിയ്ക്ക് മൂല്യങ്ങളുണ്ട്; പക്ഷേ അധികാരമില്ല.

 

നിങ്ങൾക്ക് അധികാരമുണ്ട്; പക്ഷേ മൂല്യമില്ല.

 

നിങ്ങൾ നിങ്ങളാണ്

 

ഞാൻ ഞാനാണ്.

 

ഒത്തുതീർപ്പിലെത്തുകയെന്നത് അസംഭാവ്യമാണ്

 

അതിനാൽ യുദ്ധം ആരഭിച്ചോട്ടെ

 

എന്റെ പക്കൽ സത്യമുണ്ട്; ശക്തിയില്ല

 

നിങ്ങൾക്കു ശക്തിയുണ്ട്; സത്യമില്ല

 

നിങ്ങൾ നിങ്ങളാണ്; ഞാൻ ഞാനും

 

ഒത്തുതീർപ്പിലെത്തുകയെന്നത് അസംഭാവ്യമാണ്

 

അതിനാൽ യുദ്ധം ആരംഭിച്ചോട്ടെ

 

നിങ്ങളെന്റെ തലയോട്ടി അടിച്ചു തകർത്തേക്കും

 

ഞാൻ പോരാടും

 

നിങ്ങളെന്റെ അസ്ഥികൾ പൊടിച്ചേക്കും

 

ഞാൻ പോരാടും

 

നിങ്ങളെന്നെ ജീവനോടെ ചുട്ടെരിച്ചേക്കും

 

ഞാൻ പോരാടും

 

എന്റെയുള്ളിലോടുന്ന സത്യം കൊണ്ട്

 

ഞാൻ പോരാടും

 

എന്റെ മുഴുവൻ ശക്തികൊണ്ടും

 

ഞാൻ പോരാടും

 

എന്റെ ഉള്ളിലെ അവസാനശ്വാസം വരെ

 

ഞാൻ പോരാടും…

 

നിങ്ങളുടെ നുണകൾ കൊണ്ട് നിങ്ങൾ കെട്ടിപ്പൊക്കിയ കോട്ട

 

തകർന്നടിയുന്നതുവരെ

 

നിങ്ങൾ നുണകളെക്കൊണ്ട് ആരാധിച്ച നിങ്ങളുടെ ചെകുത്താൻ, എന്റെ സത്യത്തിന്റെ മാലാഖയുടെ മുന്നിൽ മുട്ടുകുത്തുന്നതുവരെ.

 

എല്ലാവരോടും സമഭാവനയോടെയും ദയാപരതയോടെയും പെരുമാറാൻ ആവശ്യമായ ശക്തി ദൈവം നിങ്ങൾക്കു തരട്ടെ!

സത്യമേവ ജയതേ!

ആശംസകളോടെ.

നിങ്ങളുടെ വിശ്വസ്തൻ,

(സഞ്ജീവ് ഭട്ട്)

Leave a Reply

Your email address will not be published. Required fields are marked *