#ദിനസരികള്‍ 798
ഇന്ത്യയുടെ പ്രസിഡന്റ് ശ്രീ രാം നാഥ് കോവിന്ദ്, ശ്രീനാരായണനെ ഉദ്ധരിച്ചുകൊണ്ട് തന്റെ സര്‍ക്കാറിന്റെ നയപരിപാടികളെക്കുറിച്ച് പ്രസംഗിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ശ്രീനാരായണനെ എന്നല്ല തങ്ങള്‍ക്ക് സഹായമാകും എന്നു കരുതുന്ന ആരേയും ഏറ്റെടുക്കാനും തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കാനുമുള്ള ശ്രമം ഇതിനുമുമ്പും ബി.ജെ.പി. നടത്തിയിട്ടുണ്ട്. ആ ഗണത്തില്‍ ഏറ്റവും ഒടുവിലത്തേതു മാത്രമാണ് നാരായണഗുരു, എന്നുമാത്രവുമല്ല ഈ ഏറ്റെടുക്കല്‍ ഇതോടെ അവസാനിക്കുകയുമില്ല.
ഗുരുവിന്റെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന പ്രബോധനമാണ് പ്രസിഡന്റ് രാം നാഥ് ഉദ്ധരിച്ചത്. ശ്രീനാരായണന്റെ ജീവിതസന്ദേശമെന്താണെന്ന് വ്യക്തമാക്കുന്ന ഈ രണ്ടു വരികള്‍ 1888 ലെ ഒരു ശിവരാത്രി നാളില്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതിനു ശേഷം എഴുതിവെച്ചതാണ്. ഗുരു ശിവനെ പ്രതിഷ്ഠിക്കുന്നുവെന്നറിഞ്ഞ് ആളെ കൂട്ടി എതിര്‍ക്കാന്‍ വന്ന ജാതി മാടമ്പികളോട് അന്ന് ഗുരു പറഞ്ഞത് താന്‍ പ്രതിഷ്ഠിക്കുന്നത് സവര്‍ണരുടെ ശിവനെയല്ല അവര്‍ണരുടെ ശിവനെയാണ് എന്നാണ്.
കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ നവോത്ഥാന ചരിത്രത്തിന്റെ ഏറ്റവും മഹത്തായ ഒരു സുവര്‍ണമുഹൂര്‍ത്തമായിരുന്നു അത്. പൊതുസമൂഹത്തിലാകമാനം വ്യാപിച്ചിരുന്ന ജാതിബോധത്തിനേറ്റ ഏറ്റവും ശക്തമായ തിരിച്ചടിയായിരുന്നു ഗുരുവിന്റെ ആ നീക്കം. ജാതിയുടേയും മതത്തിന്റേയും കെടുതികളില്‍പ്പെട്ട നട്ടംതിരിഞ്ഞിരുന്ന ഒരു ജനതയെ മോചിപ്പിച്ചെടുക്കാന്‍ തന്റെ ജീവിതം ഉഴിഞ്ഞു വെച്ച ശ്രീനാരായണ ഗുരുവിനെ, ജാതിയുടേയും മതത്തിന്റേയും പേരില്‍ പ്രവര്‍ത്തിക്കുകയും അധികാരത്തിലെത്തുകയും ചെയ്തവര്‍ ഏറ്റെടുക്കുമ്പോള്‍ ശ്രീനാരായണ സന്ദേശങ്ങളുടെ അര്‍ത്ഥമറിയുന്നവര്‍ തലകുനിക്കുക തന്നെ വേണം.
എന്നാല്‍ അതിനുമപ്പുറം സങ്കടകരമായ വസ്തുത – അത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും – ശിവഗിരിയിലെ ശ്രീനാരായണ മഠം സംഘപരിവാരം നടത്തിയ ഈ ഏറ്റെടുക്കലിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു എന്നതാണ്. മഠത്തിന്റെ ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ചരിത്രപരമെന്നു വിശേഷിപ്പിച്ചുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ശ്രീനാരായണനെ ഉദ്ധരിച്ചതിനെ സ്വീകരിച്ചത്. ഗുരുവിനെക്കുറിച്ചും മനുഷ്യനെ മുന്നില്‍ നിറുത്തുന്ന അദ്ദേഹത്തിന്റെ ദര്‍ശനത്തെക്കുറിച്ചും ശിവഗിരിമഠം ഒന്നും മനസ്സിലാക്കിയിട്ടില്ല എന്നാണ് ജനറല്‍ സെക്രട്ടറിയുടെ ഈ പ്രസ്താവന പ്രഖ്യാപിക്കുന്നത്.
ഈ കൂട്ടങ്ങളെയെല്ലാം നാരായണ ഗുരുതന്നെ കൈയ്യൊഴിഞ്ഞതാണ്.എന്നിട്ടും ഗുരുവിനെ നായകസ്ഥാനത്തു നിറുത്തി അദ്ദേഹത്തിന്റെ പതിനായിരക്കണക്കിന് വരുന്ന അനുയായികളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ശിവഗിരി മഠത്തിന് കഴിഞ്ഞിട്ടുണ്ട്. തങ്ങള്‍ ശ്രീനാരായണന്റെ ധര്‍മ്മങ്ങളെയാണ് പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്നു പ്രചരിപ്പിച്ചുകൊണ്ടാണ് മഠം ആളുകളെ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ജാതിക്കോയ്മകള്‍ക്കെതിരെ പോരാടിയ ഗുരുവിന്റെ ബൌദ്ധികവും ഭൌതികവുമായ സ്വത്തുകളുടെ തണലില്‍ കെട്ടിപ്പൊക്കിയെടുത്ത പ്രസ്ഥാനത്തിന്റെ തണലിലേക്ക് വന്നെത്തിയ തങ്ങളുടെ അനുയായികളെ ബി ജെ പിയുടെ കാല്‍ച്ചുവട്ടിലേക്ക് ആട്ടിത്തെളിച്ചെത്തിച്ച ഈ ഗൂഢ സംഘം, ശ്രീനാരായണനേയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളേയും വഞ്ചിക്കുകയായിരുന്നുവെന്നതാണ് വസ്തുത. മഠം ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ ഈ വഞ്ചനക്ക് സാക്ഷി പറയുക മാത്രമാണ് ചെയ്യുന്നത്.
ശ്രീനാരായണനെ, ഒരു ജീവിതകാലം മുഴുവന്‍ താന്‍ പറഞ്ഞതിനും പഠിപ്പിച്ചതിനും എതിരായി, നേര്‍വേര്‍വിപരീത ദിശയില്‍ കൊണ്ടുനടക്കാനുള്ള ശ്രമങ്ങളെ കേരളത്തിലെ പൊതുസമൂഹം എതിര്‍ക്കണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഒരു ന്യൂനപക്ഷത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന വോട്ടുശേഷിയ മുതലെടുക്കാന്‍ വേണ്ടി നാം പലതിനു നേരെയും കണ്ണടക്കുന്നു. അപകടകരമായ ഈ ദശാസന്ധിയില്‍ ഗുരുവിന്റെ ദര്‍ശനങ്ങളെ അദ്ദേഹത്തിന്റെ സന്യാസ ശിഷ്യരെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ആത്മോപദേശ ശതകത്തില്‍ ഗുരു കപടയതിപ്പട്ടം ഇവര്‍ക്കുള്ളതായിരിക്കും :-
ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം –
ശ്രീനാരായണന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ നടപ്പിലാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന പ്രഖ്യാപനം വന്നിട്ട് അധികദിവസമായിട്ടില്ല, ഒരു മുസ്ലിം മത വിശ്വാസിയെ മതഭ്രാന്തന്മാര്‍ കെട്ടിയിട്ട് തല്ലിക്കൊന്ന വാര്‍ത്ത നാം കേട്ടുകഴിഞ്ഞു. ദളിതു പീഡനങ്ങള്‍ ഒരു അവസാനിക്കുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നു മാത്രമല്ല വര്‍ദ്ധിച്ചു വരുന്നുമുണ്ട്. ഇതിനൊക്കെ മറയായി ഒരു മുഖംമൂടിയായി ശ്രീനാരായണനെ ഉപയോഗിക്കാനാണ് സംഘപരിവാരം വ്യഗ്രതകൊള്ളുന്നത്.
നാം, നാരായണ ഗുരുവിന്റെ സ്വപ്നങ്ങളില്‍ നിന്ന് ഇന്നിനെ ഉണ്ടാക്കിയെടുത്തവര്‍, അദ്ദേഹത്തിന് കരുതലോടെ കാവല്‍ നില്ക്കേണ്ട കാലമാണിത്. ശിവഗിരി മഠത്തിലെ ഗുരു ശിഷ്യരെന്ന് അവകാശപ്പെടുന്നവര്‍ക്ക് തങ്ങളുടെ മൂല്യമെന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനുള്ള ഒരവസരമാണ് സമാഗതമായിരിക്കുന്നത്.തെറ്റായ വഴികളിലൂടെ ഏറെ ദൂരം സഞ്ചരിച്ചു പോയ അക്കൂട്ടര്‍ മടങ്ങിവന്ന് ശ്രീനാരായണന്റെ വഴികളിലൂടെ ഇനിയെങ്കിലും സഞ്ചരിച്ചു തുടങ്ങണമെന്നാണ് പൊതുസമൂഹം അഭ്യര്‍ത്ഥിക്കുന്നത്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.