Thu. Apr 25th, 2024
ലണ്ടൻ:

പാക്കിസ്ഥാനോടും തോറ്റതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കിരീട സ്വപ്‌നങ്ങള്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.

ബൗളർമാരുടെ ഉജ്ജ്വല പ്രകടനമാണ് പാക്കിസ്ഥാന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 63 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. അഞ്ചാം തോൽവിയോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിനു പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി. പാകിസ്താന് വേണ്ടി ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി ബാറ്റിംഗിൽ തിളങ്ങി.

ദക്ഷിണാഫ്രിക്കയ്ക്കായി ഒന്‍പത് ഓവറില്‍ 64 റണ്‍സ് വഴങ്ങി എന്‍ഗിഡി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റുകൾ നേടി. ഫെലുക്വായോ, മാര്‍ക്രാം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

പാക്കിസ്ഥാൻ ഉയർത്തിയ 309 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം ഓവറിൽ തന്നെ ആമിർ ആദ്യ പ്രഹരമേല്പിച്ചു. എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഹാഷിം അംലയെ (2) വിക്കറ്റിനു മുന്നിൽ കുരുക്കിയ ആമിർ മത്സരത്തിലെ തൻ്റെ ആദ്യ വിക്കറ്റ് കുറിച്ചു. 87 റൺസ് നീണ്ട ഡുപ്ലെസിസ്-ഡികോക്ക് കൂട്ടുകെട്ട് 20ആം ഓവറിലാണ് വേർപിരിഞ്ഞത്. 47 റൺസെടുത്ത ഡികോക്കിനെ ഇമാമുൽ ഹഖിൻ്റെ കൈകളിലെത്തിച്ച ഷദബ് ഖാൻ മത്സരത്തിൽ തൻ്റെ ആദ്യ വിക്കറ്റ് കണ്ടെത്തി. ഡുപ്ലെസിയെ മുപ്പതാം ഓവറിൽ ആമിർ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ അസ്തമിച്ചു. എയ്ഡൻ മാർക്രം (7) ഷദബ് ഖാനു മുന്നിൽ ക്ലീൻ ബൗൾഡായി വേഗം മടങ്ങി. ആന്‍ഡിലെ ഫെഹ്‌ലുക്‌വായൊ (29 പന്തില്‍ 41 നോട്ടൗട്ട്) അവസാനം പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കയില്‍ നിന്ന് വിജയം അകന്നു. വഹാബ് റിയാസും, ഷദബ് ഖാനും മൂന്നു വീതം വിക്കറ്റൈടുത്തു. ആമിറിന് രണ്ടു വിക്കറ്റ് കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *