മുംബൈ:
ക്യൂ.എസ്. ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച സർവകലാശാലയായി ഐ.ഐ.ടി. ബോംബെയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ്. ലോകത്തെ ആയിരം സർവകലാശാലകളിൽ നൂറ്റി അമ്പത്തിരണ്ടാം സ്ഥാനത്താണ് ഐ.ഐ.ടി. ബോംബെ. ഐ.ഐ.ടി. ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ എന്നിവ യഥാക്രമം 182 , 184 റാങ്കുകൾ നേടി, ആദ്യ ഇരുന്നൂറിനകത്ത് ഇടം പിടിച്ചു.
ഇന്ത്യയിൽ നിന്ന് ഇരുപത്തി മൂന്നു സർവകലാശാലകളാണ് റാങ്ക്ലിസ്റ്റിൽ ഇടം പിടിച്ചത്. ഇതിൽ പതിനെട്ടും സർക്കാർ ഫണ്ട് ചെയ്യുന്ന സർവകലാശാലകളും, അഞ്ചു സർവകലാശാലകൾ സ്വകാര്യ സർവകലാശാലകളുമാണ്.
രാജ്യത്തെ പ്രമുഖ സ്വകാര്യ സർവകലാശാലയായ മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ 701 നും 750 നും ഇടയിൽ സ്ഥാനം പിടിച്ചു. 2009 ൽ ആരംഭിച്ച ഒ.പി ജിൻഡാൽ സർവകലാശാല ആദ്യമായി ലിസ്റ്റിൽ ഇടം പിടിച്ചു.
ഐ.ഐ.ടി. മുംബൈ, ഡൽഹി, ഐ.ഐ.എസ്.സി. ബാംഗ്ലൂർ എന്നീ സർവകലാശാലകൾ രാജ്യത്തിന്റെ അഭിമാനമാണെന്നും മറ്റു സർവകലാശാലകളെയും ഈ രീതിയിൽ ഉയർത്തിക്കൊണ്ടുവരാൻ പരിശ്രമിക്കണമെന്നും കേന്ദ്ര മാനവ വിഭവ വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്ക് ട്വീറ്റ് ചെയ്തു