Wed. Nov 6th, 2024
കണ്ണൂർ:

 

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.കെ. ശ്യാമളയ്ക്ക് പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. സാജന്റെ ഭാര്യയുടേതടക്കം നിലവില്‍ ലഭിച്ച നാല് മൊഴികള്‍ വിശദമായി പഠിച്ച ശേഷമാണ് ആരോപണ വിധേയരുടെ മൊഴിയെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.സാജന്റെ ബന്ധുക്കളുടെ പരാതിയില്‍ പി.കെ. ശ്യാമളയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുന്നതില്‍ നിയമപരമായ തടസ്സങ്ങളുണ്ടോയെന്നത് പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഏതായാലും ശ്യാമളയ്ക്ക് എതിരെ ഉടനെ കേസെടുക്കല്‍ ഉണ്ടാകാനിടയില്ല എന്നാണ് സൂചന. സാജന്റെ കുടുംബാംഗങ്ങള്‍ ശ്യാമളക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നത്.

നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്.

നൈജീരിയയില്‍ ജോലി ചെയ്ത് മൂന്നു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്, സാജന്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *