Fri. Nov 22nd, 2024
ലക്‌നോ :

യു.പി യിൽ ഒരു കാലത്തു ബദ്ധവൈരികൾ ആയിരുന്ന മുലായം സിങ് യാദവിന്റെ എസ്.പി യും, മായാവതിയുടെ ബി.എസ്.പിയും തമ്മിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ ഉണ്ടാക്കിയ മഹാസഖ്യം തകർന്നു. വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കുമെന്നും മഹാഘട്ബന്ധൻ ഇല്ലാതായെന്നും ബി.ജെ.പി യെ തോൽപിക്കാൻ എസ്.പി സഖ്യം പോരെന്നും ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു.

തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുശേഷം എസ്.പി തലവൻ അഖിലേഷ് യാദവ് തന്നെ വിളിച്ചതുപോലുമില്ലെന്നും മായാവതി കുറ്റപ്പെടുത്തി. ബി.എസ്.പി യുടെ ലോക്സഭാ തിര‍ഞ്ഞെടുപ്പു പ്രകടനം വിലയിരുത്താൻ വിളിച്ചുചേർത്ത മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് അധ്യക്ഷ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.പി, ബി.എസ്.പി, ആർ.എൽ.ഡി സഖ്യം ചേർന്നാണ് മഹാഘട്ബന്ധൻ രൂപീകരിച്ചത്. എന്നാൽ ബി.എസ്.പി ക്കു യു.പിയിൽ ആകെ ലഭിച്ചത് 10 സീറ്റ്, എസ്.പി ക്കു അഞ്ചും. ആർ.എല്‍.ഡി ക്ക് സീറ്റൊന്നും ലഭിച്ചില്ല. ഇതിനു പിന്നാലെ മഹാസഖ്യത്തോടു വിടപറഞ്ഞ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ വെവ്വേറെ മത്സരിക്കാൻ ബി.എസ്.പിയും, എസ്.പി ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

യാദവ വോട്ടുകൾ സ്വന്തമാക്കാൻ കഴിയാത്ത എസ്.പിയുമായി കൈകോർത്തിട്ടു കാര്യമില്ലെന്നു വിലയിരുത്തിയ ബി.എസ്.പി 11 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കുമെന്നും വ്യക്തമാക്കി. ബി.എസ്.പിയുടെ പട്ടിക വിഭാഗ വോട്ടുകള്‍ സമാജ്‍വാദി പാര്‍ട്ടിക്ക് കിട്ടിയെങ്കിലും സമാജ്‍വാദി പാര്‍ട്ടിയുടെ യാദവ വോട്ടുകള്‍ ബി.എസ്.പിക്കു ലഭിച്ചില്ലെന്ന് മായാവതി വിലയിരുത്തുന്നു. ജാതിസമവാക്യങ്ങള്‍ അനുകൂലമായില്ല.

2022ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നാണ് അഖിലേഷ് യാദവ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 11 നിയമസഭാ സീറ്റില്‍ 9 എണ്ണം ബി.ജെ.പിയും രണ്ടെണ്ണം ബി.എസ്.പിയും വിജയിച്ച സീറ്റുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *