തിരുവനന്തപുരം :
ഒല്ലൂർ എം.എൽ.എ കെ.രാജനെ ചീഫ് വിപ്പാക്കാൻ തിങ്കളാഴ്ച ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിന്റെ തീരുമാനം. കാബിനറ്റ് റാങ്കോടെ പദവി ഏറ്റെടുക്കാനാണ് സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്.
സി.പി.എം ഇ.പി.ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോൾ സി.പി.ഐ ചോദിച്ചു വാങ്ങിയതാണ് കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം. എന്നാൽ, പ്രളയക്കെടുതിക്കിടെ ചീഫ് വിപ് സ്ഥാനം ദുർച്ചെലവ് ആയേക്കുമെന്ന അഭിപ്രായം ഉയർന്നതിനാൽ തീരുമാനം നീട്ടുകയായിരുന്നു. പ്രതിവർഷം ഏഴരക്കോടി രൂപയുടെ അധിക ബാധ്യതയാണ് ഈ ഒരു പദവിക്ക് സംസ്ഥാന ഖജനാവിന് ഉണ്ടാകുന്നത്.
സർക്കാർ രൂപീകരണ വേളയിൽ കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവിയോടു പാർട്ടി വിയോജിച്ചിരുന്നു. കഴിഞ്ഞു യുഡിഎഫ് സർക്കാറിന്റെ കാലത്ത് പിസി ജോർജ്ജിന് ക്യാമ്പിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകിയത് ഇടതുമുന്നണി അന്ന് ശക്തമായി എതിർത്തിരുന്നു. ഓരോ പാർട്ടിക്കും വിപ്പുള്ളതിനാൽ പ്രത്യേകം ചീഫ് വിപ്പ് വേണ്ടെന്നായിരുന്നു അന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. ഇന്ന് അതേ മുന്നണി അധികാരത്തിൽ എത്തിയപ്പോൾ വീണ്ടും ക്യാബിനറ്റ് റാങ്കോട് കൂടി ചീഫ് വിപ്പ് സ്ഥാനം പുനഃസ്ഥാപിക്കുന്നതിലെ ധാർമ്മിതയില്ലായ്മായാണ് പാർട്ടിക്കകത്തും പുറത്തും ഇപ്പോൾ ചർച്ചയാകുന്നത്.