ന്യുഡൽഹി :
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എം.പി എ. പി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ക്ഷണിച്ചെന്ന് അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു.
നേരത്തെ സി.പി.എം ടിക്കറ്റിൽ കണ്ണൂർ എം.പി യായിരുന്ന അബ്ദുള്ളക്കുട്ടി മോദിയുടെ ഗുജറാത്ത് വികസനത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരിലായിരുന്നു 2009 ഇൽ സി.പി.എമ്മിൽ നിന്നും പുറത്തായത്. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിലെത്തിയതും കണ്ണൂരില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതും. വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയ പ്രകീര്‍ത്തിച്ചതിന് അടുത്തിടെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ. പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.
ഇന്ന് തന്നെ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം അബ്ദുള്ളക്കുട്ടി മാധ്യമങ്ങളെ കാണും. ഇന്ന് ജമ്മു കശ്മീർ ക്വോട്ട ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ ബിജെപി അധ്യക്ഷൻ അമിത് ഷാ പാർലമെന്‍റിലുണ്ട്. അൽപസമയത്തിനകം ബില്ലവതരണത്തിന് മുമ്പ് തന്നെ അബ്ദുള്ളക്കുട്ടി അമിത് ഷായെ കണ്ടേക്കും.