Wed. Nov 6th, 2024
#ദിനസരികള്‍ 797

ദൈവാധീനം ജഗത് സര്‍വ്വം
മന്ത്രാധീനം തു ദൈവതം
തന്‍മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം 

ലോകത്തിലെ എല്ലാം തന്നെ ദൈവത്തിന്റെ അധീനതയിലാണ്. ദൈവമാകട്ടെ മന്ത്രങ്ങള്‍ക്ക് വിധേയനും. ദൈവത്തെപ്പോലും വിധേയനാക്കുന്ന ആ മന്ത്രങ്ങളാകട്ടെ ബ്രാഹ്മണര്‍ക്ക് അധീനപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണരാണ് എന്റെ ദൈവം. നാം പിന്നിട്ടുപോന്ന ഒരു കാലത്തിന്റെ വിശ്വാസപ്രമാണം ഇതായിരുന്നു. ഈ വിശ്വാസത്തെ മുന്‍നിറുത്തി മന്ത്രങ്ങളിലൂടെ ദൈവത്തെ നിയന്ത്രിക്കുന്ന ബ്രാഹ്മണന്‍ സര്‍വ്വപ്രതാപിയായി വാണരുളി. ഭൂമിപാലകന്മാരായ മഹാരാജാക്കന്മാര്‍ പോലും ബ്രാഹ്മണന് വിടുപണി ചെയ്തു. അവന്റെ വാക്കുകള്‍ ഏതുകാര്യത്തിലും അവസാനത്തേതായി.

ആത്മീയമായ കാര്യങ്ങളായിരുന്നു ഏറ്റവും പവിത്രമായ അധ്വാനമായി പരിഗണിച്ചത്. അതായത് ബ്രാഹ്മണന്‍ നടത്തുന്ന മന്ത്ര ധ്യാന ജപാദികള്‍ ഏറ്റവും മികച്ചതായി കണക്കുകൂട്ടി. ആ ജോലികള്‍ ചെയ്യാനുള്ള അധികാരം ബ്രാഹ്മണന് മാത്രമേയുണ്ടായിരുന്നുള്ളു.മറ്റാരെങ്കിലും ആ മേഖലയിലേക്ക് പ്രവേശിച്ചാല്‍ ധര്‍മ്മത്തിന് ച്യൂതി സംഭവിക്കുമെന്നും അതു ലോകത്തിന്റെ നിലനില്പിനെത്തന്നെ ബാധിക്കുമെന്നും അതുകൊണ്ടുതന്നെ അനുവദിച്ചു കൂടാത്തതാണെന്നും ബ്രാഹ്മണര്‍ നിയമമുണ്ടാക്കി. ആ നിയമം കടുകിട തെറ്റാതെ രാജാസനങ്ങള്‍ പരിപാലിച്ചു പോന്നു. തപസ്സു ചെയ്ത ശൂദ്രനായ ശംബുകന്റെ ശിരസ്സ് ഛേദിച്ചെറിഞ്ഞ രാമന്‍റെ വീരകൃത്യം ഉദാഹരണമായി അനുസ്മരിക്കുക.

ശരീരത്തിന്റെ സഹായം കൊണ്ടു ചെയ്യുന്ന ജോലികള്‍ തന്നെ പല തട്ടുകളിലായി തിരിച്ച് മേന്മകള്‍ ചാര്‍ത്തിക്കൊടുക്കപ്പെട്ടു. ഉദാഹരണത്തിന് രാജ്യപരിപാലനത്തിന് ആയുധമെടുത്ത് പോരാടുന്നവന്റെ ജോലി അക്കൂട്ടത്തില്‍ ഒന്നാമതായി. അവന്‍ ക്ഷത്രിയനായി.
കച്ചവടവും കൃഷിയുമൊക്കെ ചെയ്തും പശുവിനെ പരിപാലിച്ചും വൃത്തിത്രയങ്ങളില്‍ ജീവിതം പുലര്‍ത്തുന്നവന്‍ വൈശ്യനായി. ഈ രണ്ടു വിഭാഗങ്ങള്‍ക്കും ഒരു തരത്തിലും ചെയ്തുകൂടാത്ത അധമ ജോലികള്‍ ശൂദ്രന്മാര്‍ക്ക് വിധിക്കപ്പെട്ടു.

ആവര്‍ത്തിക്കട്ടെ അധമ ജോലികള്‍ എന്നു പറയുന്നത് ഈ പറയുന്ന ബ്രാഹ്മണര്‍ക്ക് വേണ്ടി ക്ഷേത്രങ്ങളും പതിനാറുകെട്ടുകളും എട്ടുകെട്ടുകളും നാലുകെട്ടുകളുമൊക്കെ നിര്‍മ്മിച്ചു കൊടുക്കുന്നതും കിണറുകളും കുളങ്ങളും വഴികളും മറ്റ് ആവശ്യത്തിനുള്ള കെട്ടിടങ്ങളുമൊക്കെ നിര്‍മ്മിക്കുന്നതുമാണെന്ന് മനസ്സിലാക്കുക.
അതൊക്കെയും അതാതു ജാതികളുടെ ധര്‍മ്മമായി പരിഗണിക്കപ്പെട്ടു. അങ്ങനെ ധര്‍മ്മം ചെയ്യുന്നവന് മരണാന്തരജീവിതങ്ങളില്‍ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടു. നിഷേധികള്‍ക്ക് നരകവും.

ബ്രാഹ്മണന്‍ ഒരിടവേളക്കു ശേഷം സര്‍വ്വപ്രതാപിയായി വീണ്ടും വേദി കീഴടക്കുന്നത് മാറുന്നത് എട്ടാം നൂറ്റാണ്ടിന് ശേഷമാണ്. ശങ്കരന്റെ ദിഗ്വിജയങ്ങള്‍ ആ തിരിച്ചു വരവിന് ഏറെ സഹായകമായി. സാമൂഹ്യജീവിതത്തിന്റെ സമസ്ത അടരുകളിലും ബ്രാഹ്മണന്റെ ഇച്ഛകള്‍ക്ക് മുന്‍തൂക്കം കല്പിക്കപ്പെട്ടു. ദൈവത്തേയും മന്ത്രത്തേയും യാഗത്തേയും മുന്നില്‍ നിറുത്തി അവന്‍ ജനതയെ ഭരിച്ചു.

ഇങ്ങനെ നിര്‍മ്മിക്കപ്പെട്ട നിയമങ്ങളെ അവന്‍ ധര്‍‌മ്മം എന്ന് വിശേഷിപ്പിച്ചു. ധര്‍മ്മത്തിന്റെ സംരക്ഷണത്തിനും നിലനില്പിനും കൊല്ലും കൊലയും പ്രോത്സാഹിപ്പിക്കപ്പെട്ടു. ജാതിധര്‍മ്മങ്ങള്‍ ലംഘിക്കുന്നവരെ മൃഗീയമായി പീഡിപ്പിച്ചു. പിന്നീട് ഒരിക്കലും മറ്റൊരാളും ആവര്‍ത്തിക്കാതിരിക്കാനായി അവന് മരണശിക്ഷ വിധിക്കപ്പെട്ടു. ഈ കുടിലതകള്‍ക്കും ചോരകള്‍ക്കും കബന്ധങ്ങള്‍ക്കും മുകളില്‍ സാത്വികനായി, സസ്യാഹാരിയായി പരിശുദ്ധനായി ബ്രാഹ്മണന്‍ വിരാജിച്ചു.

ലോകത്ത് മറ്റൊരിടത്തുമില്ലാത്ത രീതിയില്‍ എത്ര സമര്‍ത്ഥവും സൂക്ഷ്മവുമായിട്ടാണ് ബ്രാഹ്മണന്‍ തന്റെ കാല്‍ച്ചുവട്ടിലേക്ക് ഒരു കാലത്തേയും ജനതയേയും ഒതുക്കി നിറുത്തിയിരുന്നതെന്ന് ആലോചിക്കുക മാത്രമായിരുന്നു ഞാന്‍!

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *