മലപ്പുറം:
പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചുനീക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാരെ സര്‍ക്കാര്‍ സ്ഥലംമാറ്റി. ഏറനാട് തഹസില്‍ദാര്‍ പി. ശുഭനെയാണ് കോഴിക്കോട്ടേയ്ക്ക് സ്ഥലംമാറ്റിയത്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലാണ് നിയമനം.
ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷമുള്ള സാധാരണ സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അടിയന്തരമായി കോഴിക്കോടെത്തി ചുമതലയേല്‍ക്കണമെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊല്ലത്തുനിന്ന് പ്രമോഷനോടെയാണ് പി. ശുഭന്‍ ഏറനാട് തഹസില്‍ദാരായി നിയമിതനായത്. അതേസമയം, ഇന്നും കക്കാടംപൊയിലിലേക്ക് പോവുമെന്നും തടയണ പൊളിച്ചുനീക്കല്‍ നടപടികള്‍ തുടരുമെന്നും പി. ശുഭന്‍ പ്രതികരിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തടയണ പൊളിക്കല്‍ ആരംഭിച്ചത്. ഇടയ്ക്കിടെ പെയ്യുന്ന മഴ പ്രവൃത്തികള്‍ക്ക് തടസ്സമുണ്ടാക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ച വേഗതയില്‍ പൊളിച്ചുമാറ്റല്‍ നടക്കുന്നില്ലെങ്കില്‍ രാത്രിയിലും പണികള്‍ തുടരാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആലോചിച്ചിരുന്നു. ഈ വിഷയത്തില്‍ ഇന്ന് മലപ്പുറം ജില്ലാ കലക്ടര്‍ തീരുമാനമെടുക്കാനിരിക്കെയാണ് പൊളിച്ചുനീക്കല്‍ നടപടിക്ക് നേതൃത്വം നല്‍കുന്ന തഹസില്‍ദാരെ സ്ഥലംമാറ്റിയിരിക്കുന്നത്.
അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്മെന്റ് പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിങ് കേന്ദ്രത്തിലേക്കു വെള്ളമെത്തിച്ചിരുന്നത് ഈ തടയണയില്‍നിന്നായിരുന്നു. അന്‍വറിന്റെ വാട്ടര്‍ തീംപാര്‍ക്ക് പരിസ്ഥിതി ദുര്‍ബലപ്രദേശത്താണെന്നു മലപ്പുറം കലക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബലപ്രദേശത്ത് പാറയുടെ മുകളില്‍ വെള്ളംകെട്ടി നിര്‍മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്നും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.