Mon. Dec 23rd, 2024
ന്യൂഡൽഹി:

 

ശബരിമല യുവതി പ്രവേശനം, മുത്തലാഖ്, സര്‍ഫാസി നിയമ ഭേദഗതി തുടങ്ങിയ സുപ്രധാനമായി സ്വകാര്യ ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കൊല്ലം എം.പി. എന്‍. കെ. പ്രേമചന്ദ്രനാണ് ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച ബില്ല് അവതരിപ്പിക്കുക. 17ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായി ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍ അവതരിപ്പിക്കപ്പെടും. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണമെന്നും യുവതികള്‍ക്ക് പ്രവേശനമാവാമെന്ന സുപ്രീം കോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണമെന്നുമാണ് ബില്ലിലെ ആവശ്യം.

ഏറെ വിവാദങ്ങള്‍ക്കു കാരണമായ വിഷയത്തില്‍ ബില്ല് അവതരിപ്പിക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഏറെ നിര്‍ണായകമാവും. മറ്റൊരു സുപ്രധാന ബില്ലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കണമെന്നതു സംബന്ധിച്ചുള്ളത്. 2018 ഡിസംബറില്‍ മുത്തലാഖ് ബില്ല് ലോക്സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ല് പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാഷ്ട്രപതിയുടെ നയപ്രസംഗത്തിലുള്‍പ്പെടെ മുത്തലാഖിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതിനു പുറമെ, സര്‍ഫാസി നിയമ ഭേദഗതി, തൊഴിലുറപ്പ്, ഇ.എസ്.ഐ. ബില്ലുകള്‍ക്കും ഇന്ന് അവതരണാനുമതി ലഭിച്ചിട്ടുണ്ട്.

കുറഞ്ഞ തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 200 ആയി വർദ്ധിപ്പിക്കുക, ദിവസ വേതനം കുറഞ്ഞത് 800 രൂപയാക്കുക തുടങ്ങിയവയാണ് തൊഴിലുറപ്പ് ഭേദഗതി ബില്ലിലെ ആവശ്യം. കര്‍ഷകത്തൊഴിലാളികളും അസംഘടിത മേഖലയിലും ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. ആനുകൂല്യം നല്‍കണമെന്നതാണ് ഇ.എസ്.ഐയുമായി ഭേദഗതി ബില്‍. സര്‍ഫാസി നിയമക്കുരുക്കില്‍ നിന്ന് അര്‍ബുദ, വൃക്ക രോഗികളെ ഒഴിവാക്കുക, താമസിക്കുന്ന വീടും സ്ഥലവും നിയമപരിധിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ഫാസി നിയമ ഭേദഗതി ബില്ലിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *