Sun. Dec 22nd, 2024
കണ്ണൂർ :

പ്രവാസി വ്യവസായിയുടെ ആത്മത്യക്കു പിന്നാലെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യകൂടിയായ ആന്തൂർ നഗര സഭ ചെയർപേഴ്‌സൺ ശ്യാമളക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് വനിത വ്യവസായി സോഹിതയും, ഭര്‍ത്താവ് വിജുവും ഫേസ്‌ബുക്കിലൂടെ ആരോപിച്ചു.

തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരിൽ ഇവർ ശുചീകരണ ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വർഷം കഴിഞ്ഞ് ആന്തൂർ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരിൽ സംരംഭം അടച്ചു പൂട്ടാൻ നോട്ടിസ് നൽകി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവർത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി.

കാര്യമെന്താണെന്ന് അന്വേഷിച്ചു നഗരസഭ അധ്യക്ഷയെ നേരിട്ടു കണ്ടപ്പോൾ കോയമ്പത്തൂരോ മുംബൈയിലോ പോയി സംരംഭം തുടങ്ങാനായിരുന്നു ഉപദേശമെന്നു സോഹിത വിജുവിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു. മറ്റു ചിലർ മുഖേനെ അന്വേഷിച്ചപ്പോൾ സംരംഭകയ്ക്ക് അഹങ്കാരമാണെന്നായിരുന്നു അധ്യക്ഷയുടെ മറുപടി. ഒടുവിൽ ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല എന്നു വന്നതോടെ സംരംഭം പൂർണമായും തളിപ്പറമ്പ് നാടുകാണിയിലെ കിൻഫ്ര പാർക്കിലേക്കു മാറ്റേണ്ടി വന്നു.

പത്ത് ലക്ഷം മുതല്‍മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്‍റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരം ഫെയ്സ്ബുക്കില്‍ കുറിച്ചു. പതിനഞ്ചോളം കുടുംബങ്ങളുടെ അന്നം മുട്ടിച്ചതും പി.കെ.ശ്യാമളയാണെന്നും ഇവര്‍ ആരോപിക്കുന്നു.

പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന നഗരസഭയുടെ പീഢനത്തില്‍ മനം നൊന്ത് വ്യവസായി ആത്മഹത്യ ചെയ്തത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പി.കെ.ശ്യാമളയുടെ ധിക്കാരപരമായ പെരുമാറ്റത്തിന്‍റെ ഇരകള്‍ ഇനിയുമുണ്ടെന്നാണ് സൂചനകള്‍. ഈ ആരോപണവുമായി ഇപ്പോൾ രംഗത്തു വന്നിട്ടുള്ള വിജുവും, സോഹിതയും സി.പി.എം പാർട്ടി പ്രവർത്തകർ തന്നെയാണ്. പലരും പാർട്ടിയുടെ പ്രതികാര നടപടികൾ പേടിച്ചാണ് പലതും പുറത്തു പറയാത്തത്.

സി.പി.എം ഒഴികെയുള്ള മറ്റൊരു പാർട്ടിക്കും പ്രവർത്തന സ്വാതന്ത്ര്യം പോലും ഇല്ലാത്ത പാർട്ടി ഗ്രാമമാണ് ആന്തൂർ. ഇവിടെ നഗരസഭയുടെ അധ്യക്ഷയായ പി.കെ ശ്യാമള ഭർത്താവിന്റെ പാർട്ടിയിലുള്ള സ്വാധീനത്തിൽ മാത്രം ഈ സ്ഥാനത്തു എത്തിയ വ്യക്തിയാണ്. ഭാര്യയെ ചെയർപേഴ്‌സൺ സ്ഥാനത്തിരുത്തി എം.വി ഗോവിന്ദൻ ഭരണത്തിൽ പിൻസീറ്റ് ഡ്രൈവിങ് നടത്തുകയാണ് എന്ന ആക്ഷേപം അടുത്തകാലത്തായി പാർട്ടിക്കാർക്കിടയിലും ശക്തമായിരുന്നു.

അതേ സമയം സാജന്‍റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാതിരിക്കാന്‍ മാത്രമുള്ള ഗുരുതര ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കെട്ടിട നിർമ്മാണത്തിൽ നേരത്തെ നൽകിയ പ്ലാനിനു വ്യത്യസ്തമായി നിർമ്മാണം നടത്തിയതിനാൽ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടു പെർമിറ്റ് റദ്ദാക്കിയ വേളയിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണു സംഘം പരിശോധന നടത്തിയത്. മുഖ്യ നഗരാസൂത്രണ ഓഫിസറുടെയും നഗരസഭയുടെയും 3 തലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ് പാർഥ കൺവൻഷൻ സെന്റർ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത്. എന്നാൽ, അതിൽ നിന്നു വലിയ വ്യത്യാസമൊന്നും നിർമ്മാണത്തിൽ വരുത്തിയിട്ടില്ലെന്നു പരിശോധനയിൽ വ്യക്തമായി. ഗ്രൗണ്ട് ഫ്‌ളോറിൽ ഒരു സ്ലാബ് നിർമ്മിച്ചതു മാത്രമാണു നേരത്തെയുണ്ടായിരുന്ന പ്ലാനിൽ നിന്നുള്ള വ്യത്യാസം. തെറ്റിദ്ധാരണ കാരണമാണു നഗരസഭാ അധികൃതർ കൺവൻഷൻ സെന്റർ നിർമ്മാണം നിർത്തിവയ്ക്കാൻ നോട്ടിസ് നൽകിയത്. ഗ്രൗണ്ട് ഫ്‌ളോറിൽ അധികമായി നിർമ്മിച്ച സ്ലാബ് മുറിച്ചു മാറ്റി വീണ്ടും അപേക്ഷ നൽകാനായിരുന്നു സംയുക്ത സംഘത്തിന്റെ നിർദ്ദേശം.

എന്നാൽ ചട്ടലംഘനമുണ്ടോ എന്നു നേരിട്ടെത്തി പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ആദ്യം തയ്യാറായില്ല. അപ്പോഴായിരുന്ന സാജൻ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനു പരാതി നൽകിയത്. ഇതാണ് സാജന് വിനയായത്. പി.ജയരാജന് പരാതി നൽകിയതിനെതിരെ പി.കെ ശ്യാമള രൂക്ഷമായാണ് പ്രതികരിച്ചതെന്നു കുടുംബം ആരോപിക്കുന്നു. ‘നിങ്ങൾ മുകളിൽ പിടിപാടുണ്ടല്ലോ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും മുകളിൽനിന്നു തന്നെ വാങ്ങിക്കോ’ എന്നായിരുന്നു നഗരസഭ അധ്യക്ഷ ശ്യാമളയുടെ പ്രതികരണം.

ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പാർഥ കൺവൻഷൻ സെന്റർറിന് സർട്ടിഫിക്കറ്റിനായി സാജൻ അപേക്ഷ നൽകിയെങ്കിലും, നഗരസഭയ്ക്കു മുകളിൽ പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപെടലും നഗരാസൂത്രണ വിഭാഗത്തിന്റെ അനുകൂല റിപ്പോർട്ടും വിനയായി. ഇത് നഗരസഭ അധ്യക്ഷയുടെ വൈരാഗ്യത്തിനു കാരണമായെന്നാണു ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തിന്റെ ആരോപണം. ഇതേ തുടർന്നാണു കഴിഞ്ഞ ഏപ്രിലിൽ പണി പൂർത്തിയാക്കിയിട്ടും കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാതെ നഗരസഭ അധികൃതർ മാനസികമായി പീഡിപ്പിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു.

പുതിയ ഓഡിറ്റോറിയത്തിൽ നടന്ന മൂന്ന് കല്യാണങ്ങൾക്കു നഗര സഭ രെജിസ്ട്രേഷൻ നടത്തികൊടുക്കാത്തതും സാജനെ തളർത്തിയിരുന്നു. പതിനഞ്ചു കോടി മുടക്കിയിട്ടും, സ്വന്തം പാർട്ടിയിൽ നിന്നും പിന്തുണ ലഭിക്കാതെ പ്രവർത്തനാനുമതിക്കായി ഓഫീസുകൾ കയറിയിറങ്ങി മറ്റുതാണ് പ്രവാസി വ്യവസായിയായ സാജൻ ആത്മഹത്യ ചെയ്യുന്നത്.

നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് പിണറായി വിജയൻ പ്രവാസി മീറ്റിംഗുകളിലും മറ്റും പ്രസംഗിച്ചു നടക്കുന്നതിനിടെയാണ് പ്രതിപക്ഷം പോലുമില്ലാതെ സി.പി.എം ഭരിക്കുന്ന ഒരു പാർട്ടി ഗ്രാമത്തിൽ പാർട്ടിക്കാരായ സംരംഭകർക്ക്‌ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *