രാജ്കോട്ട്:
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാത്തിരുന്ന ദളിതനായ ഡെപ്യൂട്ടി സർപഞ്ചിനെ (ഗ്രാമമുഖ്യൻ) സവർണ്ണ ജാതിക്കാരായ ക്ഷത്രിയ സമുദായത്തിലുള്ള ഒരു കൂട്ടം ആളുകൾ കൊലപ്പെടുത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു. ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ ഡപ്യൂട്ടി സർപഞ്ചായ മാഞ്ജി സോളങ്കിയാണ് കൊല്ലപ്പെട്ടത്.
ബോട്ടദ് ജില്ലയിലെ റാൺപൂരിലെ ജാലില ഗാമത്തിലാണ് സംഭവം നടന്നത്. മോട്ടോർസൈക്കിളിൽ പോവുകയായിരുന്ന മാഞ്ജിയെ, കാർ തട്ടിവീഴ്ത്തിയ ശേഷം അതിലെ ആളുകൾ ഇറങ്ങിവന്നു മർദ്ദിക്കുകയായിരുന്നുവെന്ന് മാഞ്ജിയുടെ മകനായ തുഷാർ സോളങ്കി പറഞ്ഞു. അഹമ്മദാബാദിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മാഞ്ജി മരണമടഞ്ഞു.
സുരക്ഷ ആവശ്യപ്പെട്ട് നിരന്തരമായി സമീപിച്ചിരുന്നുവെങ്കിലും, പോലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെന്ന് മാഞ്ജിയുടെ കുടുംബം ആരോപിച്ചു. ഇതിനു മുമ്പ് നാലു തവണ മാഞ്ജിയ്ക്കെതിരെ ആക്രമണം നടന്നിരുന്നു. 2018 മാർച്ച് 3 നു ആക്രമണം നടന്നപ്പോൾ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും മെയ് 17 ന് ആ സുരക്ഷ പിൻവലിച്ചുവെന്ന് ദളിതരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന, അഹമ്മദാബാദിലെ ഒരു സംഘടനയുടെ പ്രതിനിധി പറഞ്ഞു.