മുംബൈ :
സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി പീഡനക്കേസിൽ ഒളിവിൽ. ബിനോയ് എവിടെയെന്ന് പൊലീസിന് വ്യക്തതയില്ല. ഫോൺ സ്വിച്ച് ഓഫിലാണ്.
ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുംബൈ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ എത്തിയാണു യുവതി മൊഴി നല്‍കിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് യുവതി െപാലീസ് സ്റ്റേഷനിൽ എത്തിയത്. ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.
ബിനോയി കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസിന് ഇതുവരെ സാധിച്ചില്ല. ഇന്നലെ കണ്ണൂരിലെത്തിയ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനോയിക്ക് നോട്ടിസ് നൽകിയിരുന്നു. തലശേരിയിലെ വീട്ടിലെത്തിയാണ് നോട്ടിസ് നൽകിയത്. മൂഴിക്കരയിലെ വീട്ടിലും ഉദ്യോഗസ്ഥർ അന്വേഷണം നടത്തി. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്നാണ് നിർദേശം. നിരവധി തവണ ബിനോയ് കോടിയേരിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഒളിച്ചുകളി തുടരുന്നതിനാൽ കടുത്ത നടപടികളിലേക്ക് മുംബൈ പൊലീസ് നീങ്ങിയേക്കും. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ണൂരിലെത്തിയ മുംബൈ പൊലീസ് സംഘം എസ്.പി യുമായി ചർച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു.
അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകളും പൊലീസ് പരിശോധിച്ചു വരികയാണ്.
വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്.