Mon. Dec 23rd, 2024

വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചു വളർന്നാൽ വിലയും വായിക്കാതെ വളർന്നാൽ വളയും.
– കുഞ്ഞുണ്ണി മാഷ്.

ഇന്ന് വായന ദിനം. വരും തലമുറകളിലേക്ക് വായനയുടെ വസന്തത്തെ പടർത്താനായി ജീവിതമുഴിഞ്ഞു വെച്ച പി.എൻ.പണിക്കരുടെ ചരമദിനമാണ് കേരളത്തിൽ വായന ദിനമായി ആചരിക്കുന്നത്. വായനയുടെ പ്രാധാന്യത്തെ മനസ്സിലാക്കാനും മരിച്ചുകൊണ്ടിരിക്കുന്ന വായനയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങളിൽ പങ്കാളികളാവാനുമുള്ള അവസരമാണ് ഈ ദിനം ഒരുക്കുന്നത്.

കോട്ടയത്തെ ചങ്ങനാശേരിയിൽ ജനിച്ച പി.എൻ പണിക്കർ തന്റെ ജീവിതം ആരംഭിച്ചത് അധ്യാപകനായിട്ടാണ്. ഇദ്ദേഹത്തിന്റെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് സനാതന ധര്‍മവായനശാലയായി പ്രസിദ്ധമായത്.

സനാതന ധര്‍മവായനശാലയുടെയും പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു, പി.എൻ പണിക്കർ. 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാല സംഘമായത്. ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആസ്ഥാനത്തുനിന്ന് വിരമിച്ചു.

വായിക്കുക എന്നത് ഒരേസമയം ശാരീരികവും മാനസികവുമായ പ്രവർത്തിയാണ്. വായന എന്നത് അനുഭവങ്ങൾക്കപ്പുറം വിവിധ ജീവിതങ്ങളിലേക്കും സംസ്കാരത്തിലേക്കുമുള്ള സഞ്ചാരം കൂടെയാണ്. ആന്റണി ചെഖോവിന്റെ ബെറ്റ് എന്ന ചെറുകഥയിലെ അഭിഭാഷകനെ ഓർക്കുന്നില്ലേ, ഏകാന്ത തടവുകാലം മുഴുവൻ പുസ്തകങ്ങൾ മാത്രം വായിച്ചു പന്തയം പൂർത്തിയാകാൻ ഒറ്റ രാത്രിമാത്രം ബാക്കിനിൽക്കെ കോടികളുടെ സമ്മാനം വേണ്ടെന്നു വെച്ച് വായന നൽകിയ വെളിച്ചത്തിൽ തടവറ ഭേദിച്ച് പുറത്തു കടന്നയാൾ. ഇതുപോലെയാണ് ഓരോ വായനക്കാരനും. വായന നൽകിയ അനുഭൂതികൾ അയാളെ മറ്റൊരാളാക്കി മാറ്റുന്നു.

ഡിജിറ്റൽ ലോകത്ത് വായന മരിക്കുന്നു എന്നാണ് പലരും പറയുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ വായിക്കാനുള്ള സാഹചര്യങ്ങൾ കൂടുകയല്ലേ. പല പുസ്തകങ്ങളുടെയും പി.ഡി.എഫ് കോപ്പികൾ ഇന്ന് സൗജന്യമായിത്തന്നെ ഓൺലൈനിൽ ലഭ്യമാണ്. വളരെ തുച്ഛമായ വിലയ്ക്ക് ഡൌൺലോഡ് ചെയ്ത വായിക്കാവുന്ന ആമസോൺ കിൻഡിൽ പോലുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഉണ്ട്. ലോകത്തിന്റെ ഏതു കോണിൽ പോയാലും അവ ലഭ്യമാവുമെന്നുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അമൂല്യമായ പുസ്തകങ്ങൾ വരും തലമുറയ്ക്കുവരെ പരിചയപ്പെടുത്താൻ പല ലൈബ്രറികളും പുസ്തകങ്ങളെ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാറുമുണ്ട്.

ബൃഹത്തായ ലക്ഷക്കണക്കിനു കൃതികൾ നമ്മുടെ വായനശാലകളിലുണ്ട്. അവയെ വരും ചിതലരിക്കാതെ സംരക്ഷിക്കാനും പുതിയ ലോകത്തിനു പരിചയപ്പെടുത്താനും അറിവു പകർത്താനും നമ്മൾ കൂടെ ബാധ്യസ്ഥരാണ്. അസഹിഷ്ണുതയെയും വർഗീയവാദത്തെയും ചെറുത്തു തോൽപ്പിക്കാനും വായനയിൽ കൂടി മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ.

By Ishika

Leave a Reply

Your email address will not be published. Required fields are marked *