Fri. Nov 22nd, 2024
#ദിനസരികള്‍ 793

കേരളത്തിന്റെ നവോത്ഥാന ചരിത്രം, കണ്ണാടി പ്രതിഷ്ഠിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അയ്യാ വൈകുണ്ഠസ്വാമികളില്‍ നിന്നുമാണല്ലോ തുടങ്ങേണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ അദ്ദേഹം കൊളുത്തി വിട്ട പുതിയ ചിന്തയുടെ സ്ഫുലിംഗങ്ങള്‍ അധികാരികളേയും ബ്രാഹ്മണ മേല്‍‌‌ക്കോയ്മകളേയും തെല്ലൊന്നുമല്ല രോഷാകുലരാക്കിയത്. അതുകൊണ്ടുതന്നെയാണ് കണ്ണാടി പ്രതിഷ്ഠയോട് അത്രയധികം അസഹിഷ്ണുതയോടെ അവര്‍ പ്രതികരിച്ചത്.

1809 ല്‍ നാഗര്‍‌കോവിലിനു സമീപം സ്ഥിതി ചെയ്യുന്ന ശാസ്താംകോയില്‍വിളയിലെ ഒരു ചാന്നാര്‍ കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്. മാതാപിതാക്കള്‍ പെരുമാള്‍ എന്നാണ് പേരിട്ടതെങ്കിലും എന്നാല്‍ സവര്‍ണജാതിക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മുത്തുക്കുട്ടി എന്ന് മാറ്റേണ്ടി വന്നു. ജാതിയുടെ കെടുതികള്‍ കണ്ടും കേട്ടും അനുഭവിച്ചും പോന്ന ഒരാള്‍ക്ക് നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥയോട് എതിര്‍പ്പു തോന്നുക സ്വാഭാവികമാണല്ലോ. ജാതിയുടേയും മതത്തിന്റേയും മതിലുകള്‍ക്കുള്ളില്‍ പെടുത്തി മനുഷ്യനെ വേര്‍തിരിക്കുന്ന രീതികള്‍‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട ഒരു നവോത്ഥാന ജീവിതം പരുവപ്പെട്ടു വരുന്നത് അങ്ങനെയാണ്.

അദ്ദേഹം ജനിക്കുമ്പോഴുള്ള ചാന്നാന്‍ സമുദായത്തിന്റെ അവസ്ഥ കൂടി നോക്കുക. “നമ്പൂതിരിമാരില്‍ നിന്നും മുപ്പത്തിയാറ് അടിയും നായന്മാരില്‍ നിന്നും പന്ത്രണ്ട് അടിയും ദൂരെ മാറി നില്‍ക്കണമായിരുന്നു, നാടാന്മാര്‍. കീഴാള ജാതിക്കാരായതിനാല്‍ കുട, ചെരുപ്പ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ഉപയോഗിക്കുവാന്‍ അവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. അവരുടെ വീടുകള്‍ക്ക് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ പശുവിനെ കറക്കാന്‍ പാടില്ല. മേല്‍ ജാതിക്കാര്‍ ചെയ്തിരുന്നതുപോലെ ഇടുപ്പില്‍ വെള്ളം ചുമന്നുകൊണ്ടുപോകുവാന്‍ പാടില്ല. കനത്ത നികുതിയാണ് അവരില്‍ നിന്നും ഈടാക്കിയിരുന്നത്. പറയരെപ്പോലെ അടിമകളായിരുന്നില്ലെങ്കിലും അവരെക്കൊണ്ട് സർക്കാറിന് വേണ്ടി നിര്‍‌ബന്ധിതമായി വേല ചെയ്യിച്ചിരുന്നു.” (കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റു വീക്ഷണത്തില്‍ പി. ഗോവിന്ദപ്പിള്ള റോബര്‍ട്ട് എല്‍. ഹാര്‍ഡ് ഗ്രേവ് ജൂനിയര്‍ എഴുതിയതില്‍ നിന്നും ഉദ്ധരിച്ചത്.) മുകളില്‍ എണ്ണിപ്പറഞ്ഞവയൊന്നും തന്നെ അന്നത്തെ സാമൂഹ്യജീവിതത്തിന്റെ സമഗ്രമായ ഒരവസ്ഥയെ ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും ചില പ്രധാന സൂചനകള്‍ നല്കുന്നുണ്ട്.

ജാതിയുടെ പേരില്‍ മാറ്റി നിറുത്തപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ച വൈകുണ്ഠസ്വാമികളാണ് ഒരു ജാതി ഒരു മത ഒരു ലോകം മനുഷ്യന് എന്ന മുദ്രാവാക്യത്തെ കേരളത്തിന്റെ മണ്ണില്‍ സാക്ഷാത്കരിച്ചെടുത്തത്. ജാതീയതയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍‌തിരിക്കുന്ന എല്ല വിധ നിര്‍‌ദ്ദേശങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് ബഹിഷ്കരിക്കാന്‍ അദ്ദേഹം ഉദ്ബോധിപ്പിച്ചു. അധസ്ഥിത ജനവിഭാഗത്തെക്കൊണ്ട് കൂലിയില്ലാതെ ജോലി ചെയ്യുന്ന രാജശാസനങ്ങളെ തള്ളിക്കളയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.

“സാമൂഹ്യ – രാഷ്ട്രീയ – മതരംഗങ്ങളില്‍ ഒരു പോലെ അനിതിക്കെതിരെ പടപൊരുതിയ ഒരു വീരയോദ്ധാവായിരുന്നു വൈകുണ്ഠസ്വാമികള്‍. തിരുവനന്തപുരം രാജാക്കന്മാരുടെ ദുര്‍ഭരണത്തിനെതിരെ അവരെ അനന്തപുര നീചര്‍ എന്ന് വിളിച്ചു. ആദ്യമായി അവര്‍‌ക്കെതിരെ കയ്യുയര്‍‌ത്തിയ ഈ രാജ്യത്തെ പൌരന്‍ എന്ന ബഹുമതിക്ക് ഇദ്ദേഹം അര്‍ഹനാണ്. അധ്വാനിക്കുന്നവരെല്ലാം ഒരു ജാതി എന്ന് അദ്ദേഹം പണ്ടേ വിളിച്ചു പറഞ്ഞു. 18 അവര്‍ണ ജാതികളെ ഒരു ചരടില്‍ ചേര്‍ത്തുകൊണ്ട് അദ്ദേഹം സമത്വസമാജം രൂപീകരിച്ചു.” എന്ന് വൈകുണ്ഠസ്വാമികള്‍ എന്ന ഗ്രന്ഥത്തില്‍ എന്‍.കെ. ജോസ് നിരീക്ഷിക്കുന്നുണ്ട്.

തിരുവനന്തപുരം മഹാരാജാക്കന്മാരെ അക്കാലത്ത് അനന്തപുരി നീചര്‍ എന്ന് അഭിസംബോധന ചെയ്യാനുള്ള സ്വാമികളുടെ ആര്‍ജ്ജവം ഒന്നുമാത്രം മതി അദ്ദേഹത്തില്‍ തിളച്ചു മറിയുന്ന വീര്യത്തെ മനസ്സിലാക്കാന്‍. ഇംഗ്ലീഷുകാരെ അദ്ദേഹം വെണ്‍നീചര്‍ എന്നാണ് വിളിച്ചിരുന്നത്. ഭരണാധികാരികളുടെ ദുഷ്ചെയ്തികളെ തുറന്നെതിര്‍ക്കാനും അവര്‍‌ക്കെതിരെ തലയുയര്‍ത്തിപ്പിടിച്ചു നില്ക്കാനുമുള്ള രാഷ്ട്രീയവിദ്യാഭ്യാസം കൂടിയാണ് ജനതക്ക് വൈകുണ്ഠസ്വാമികള്‍ പകര്‍ന്നു നല്കിയത്.

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വൈകുണ്ഠസ്വാമികള്‍ അവകാശപ്പെടുന്നുണ്ട്. ആ അവകാശവാദവും ബ്രാഹ്മണ മേധാവിത്തത്തിനും മനുന്യായവാദികള്‍ക്കുമെതിരെയുള്ള ഒരു തരം പ്രതിഷേധം തന്നെയായിരുന്നു. ചാന്നാനായ താന്‍‌ സവര്‍ണ ദൈവമായ വിഷ്ണുവിന്റെ അവതാരമാണെന്ന് പ്രഖ്യാപിക്കുക വഴി ദൈവത്തിന് ജാതിയുടെയോ മതത്തിന്റെയോ പരിമിതികള്‍ ചാര്‍ത്തിക്കൊടുക്കുന്നത് മൂഢതയാണെന്നാണ് അദ്ദേഹം ആക്ഷേപിച്ചത്. താഴ്ന്നവനും ഉയര്‍ന്നവനും തമ്മില്‍ ജന്മംകൊണ്ട് അന്തരമൊന്നുമില്ലെന്ന രാഷ്ട്രീയം കൂടിയായിരുന്നു ആ നിലപാടില്‍ വിളക്കിച്ചേര്‍ത്തു വെച്ചിരുന്നത്.

താഴ്ന്ന ജാതിക്കാര്‍ക്ക് കിണറ്റില്‍ നിന്നും വെള്ളം കോരിയെടുക്കാന്‍‌ അവകാശമില്ലാതിരുന്ന അക്കാലത്ത് അവര്‍ക്കുവേണ്ടി അദ്ദേഹം കിണറുകള്‍ സ്ഥാപിച്ചു. മഹാക്ഷേത്രങ്ങളിലേക്ക് പ്രവേശനമില്ലാതിരുന്ന അവരെ ഉദ്ധരിക്കുന്നതിനായി ചെറു ദേവാലയങ്ങള്‍ സ്ഥാപിച്ചു. അവയൊക്കെയും ജാതികള്‍‌ക്കെതിരെയുള്ള പ്രതിഷേധകേന്ദ്രങ്ങളായി നിലനിറുത്തുവാന്‍ അദ്ദേഹം സജീവമായി ശ്രദ്ധിവെച്ചു.

1951 ലാണ് വൈകുണ്ഠസ്വാമികള്‍ അന്തരിക്കുന്നത്. രണ്ടുവര്‍ഷത്തിനു ശേഷം ചട്ടമ്പി സ്വാമികളും അഞ്ചുകൊല്ലങ്ങള്‍ക്കു ശേഷം ശ്രീനാരായണനും ജനിച്ചു. ഒരേ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ മൂന്നുപേരുമാണ് നമ്മുടെ സാമൂഹികാന്തരീക്ഷത്തേയും രാഷ്ട്രീയ ധാരണകളേയും മാറ്റിത്തീര്‍ത്തത്. ജാതിയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക ജീവിത സാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കുവാന്‍ അവര്‍ നടത്തിയ നീക്കങ്ങളാണ് കേരളത്തിലെ സാമൂഹ്യപരിഷ്കരണ ശ്രമങ്ങളെ നട്ടെല്ലുയര്‍ത്തി നില്ക്കാന്‍ സഹായിച്ചത്. ആ പന്ഥാവിലെ ആദ്യസഞ്ചാരി എന്ന നിലയില്‍ പ്രസിദ്ധിയില്‍ പിന്നാക്കമാണെങ്കിലും അയ്യാ വൈകുണ്ഠര്‍ തന്നെയാണ് പ്രഥമസ്ഥാനം അലങ്കരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളുടെ പിതാവ് എന്ന നിലയില്‍ അയ്യാ വൈകുണ്ഠര്‍ വിശേഷണം ഒട്ടും അസ്ഥാനത്തല്ല.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *