ന്യൂഡൽഹി:
പതിനേഴാം ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കേരളമടക്കം 23 സംസ്ഥാനങ്ങളിലെ എം. പിമാരാണു പ്രതിജ്ഞയെടുത്തത്.
ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ ഇന്നു പൂര്‍ത്തിയാകും. തിരുവനന്തപുരം എം.പി. ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലണ്ടനില്‍ ഇന്ത്യാ – പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പോയ തരൂര്‍ ഇന്നലെ തിരിച്ചെത്തിയിരുന്നില്ല.
ലോകസഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇന്നു തുടങ്ങും. സ്പീക്കര്‍ ആരെന്ന ബി.ജെ.പിയുടെ തീരുമാനവും ഇന്നു വരും. കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതിയുടെ യോഗവും ഇന്നു ചേരും.
അതേസമയം പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചെങ്കിലും പാര്‍ട്ടിനേതാവിനെക്കുറിച്ചു തീരുമാനമെടുക്കാന്‍ കഴിയാതെ മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. കോണ്‍ഗ്രസിനു കൂടുതല്‍ എം.പി.മാരെ പാര്‍ലമെന്റിലെത്തിച്ച കേരളത്തിലെ നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ യാതൊരു പിടിയുമില്ല. സഭാസമ്മേളനം തുടങ്ങിയിരിക്കേ, പാര്‍ലമെന്ററി പാര്‍ട്ടിനേതാവിനെ നിശ്ചയിക്കുന്നതു നീട്ടിക്കൊണ്ടുപോവാനും കഴിയില്ല.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു തുടരാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന് അഭ്യൂഹങ്ങളുണ്ട്. തീരുമാനം നീണ്ടുപോകുമെന്നാണ് സൂചന. എന്നാല്‍, പാര്‍ലമെന്ററി പാര്‍ട്ടിനേതാവിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരാനാവില്ല. പാര്‍ട്ടി അദ്ധ്യക്ഷന്‍ പാര്‍ലമെന്ററി പാര്‍ട്ടിനേതാവാകുക പതിവുമില്ല. എന്തായാലും വിഷയത്തില്‍ വ്യക്തതയില്ലാതെ ഉഴലുകയാണ് കോണ്‍ഗ്രസ് നേതാക്കളും എം.പിമാരും.