Mon. Dec 23rd, 2024
മുംബൈ :

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് തന്നെ പീഡിപ്പിച്ചുവെന്ന അതീവ ഗുരുതര ആരോപണവുമായി ബീഹാർ സ്വദേശിനി രംഗത്ത്. ദുബായിൽ ബാർ ഡാൻസറായിരുന്ന യുവതി ബിനോയിക്കെതിരെ നൽകിയ പരാതി ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് പുറത്തുവിട്ടത്. കേസുണ്ടെന്ന് ബിനോയിയും സ്ഥിരീകരിച്ചു.

നേരത്തെ ഗൾഫിലെ ചെക്ക് കേസിൽ കുടുങ്ങിയും, യാത്ര വിലക്ക് നേരിട്ടും ബിനോയ് വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് ഗൾഫിലെ ഉന്നത വ്യവസായികളുടെ ഇടപെടലുകളാണ് അന്ന് ബിനോയിയെ രക്ഷിച്ചെടുത്തത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയുടെ മകൻ പീഡന ക്കേസിൽ കുടുങ്ങുന്നത് സി.പി.എമ്മിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കുമെന്നു ഉറപ്പായിരിക്കുകയാണ്.

യുവതിയുടെ പരാതി :

ബിഹാറിലെ ദരിദ്ര കുടുംബത്തിൽ നിന്നുള്ള ആളായ താൻ 2007–ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാൻസ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാൻസ് ബാറിൽ ജോലിക്കു കയറുന്നത്. ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു. മലയാളിയാണെന്നും ദുബായിൽ കെട്ടിട നിർമാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞത്. പിന്നീട് മൊബൈൽ നമ്പർ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നൽകി. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു.

ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. 2010 ജൂലൈ 22ന് ആൺകുട്ടിക്കു ജന്മം നൽകി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽനിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണവും അയയ്ക്കുകയും വീടിന്റെ വാടകക്കരാർ കഴിയുമ്പോൾ പുതുക്കുകയോ പുതിയ വീട് എടുത്തു നൽകുകയോ ചെയ്തുപോന്നു.

2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018ലാണ് ബിനോയ്ക്കെതരിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായി. 2019 വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ബിനോയിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭീഷണിപ്പെടുത്തി – പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

എന്നാൽ മാനഭംഗക്കേസിൽ മുംബൈയിൽ തനിക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആർ ബ്ലാക്ക് മെയിലിങ്ങ് ആണെന്നാണ് ബിനോയ് കോടിയേരി പറയുന്നത്. പരാതിക്കാരിയെ പരിചയമുണ്ട്. 5 കോടി രൂപയാണ് അന്ന് യുവതി ആവശ്യപ്പെട്ടത്. സംഭവത്തില്‍ അന്ന് കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നു. ഇവരുടെ പരാതി വസ്തുതാവിരുദ്ധമാണ്. നാലു മാസം മുൻപ് തനിക്കെതിരെ മറ്റൊരു പരാതി നൽകിയിരുന്നു. യുവതിക്കെതിരെ മുംബൈ പൊലീസിൽ താനും പരാതി നൽകിയിട്ടുണ്ട്. പുതിയ കേസ് നിയമപരമായി നേരിടുമെന്നും ബിനോയ് പറഞ്ഞു.

എന്തായാലും ഈ കേസ് കേരള രാഷ്ട്രീയത്തിൽ കോളിളക്കം ഉണ്ടാക്കും. ബ്ലാക്ക് മെയിലിങ് ആണെന്ന് ബിനോയ് പറയുന്നുണ്ടെങ്കിലും പരാതിക്കാരി കേസിൽ ഉറച്ചു നിന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും. മഹാരാഷ്ട്രാ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അവിടെ ബി.ജെ.പി ഭരണമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ പോലെ രാഷ്ട്രീയമായ ഒരു സഹായവും പ്രതീക്ഷിക്കാൻ നിവൃത്തിയില്ല . ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാനും സാധ്യത ബിനോയ് മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് വിധേനേയും കോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിനോയ് കോടിയേരി.

Leave a Reply

Your email address will not be published. Required fields are marked *