പണ്ടുമുതൽക്കേ നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ് നെയ്യ്. നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ എല്ലാർക്കും ആശയക്കുഴപ്പമാണ്. എന്നാൽ നെയ്യ് ദിവസവും കുട്ടികൾക്ക് നൽകുന്നത് കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഭാരക്കുറവുള്ള കുട്ടികൾക്ക് ഭാരം വർദ്ധിപ്പിക്കാനും, എല്ലുകളുടെയും മസിലുകളുടെയും വളർച്ചയ്ക്കും ബലത്തിനും ശക്തിക്കും നെയ്യ് നൽകാം. കൂടാതെ മലബന്ധം ശരിയാവാനും, ബുദ്ധിവളർച്ചയ്ക്കും നെയ്യ് അത്യുത്തമമാണ്.
എന്നാൽ, വീട്ടിലുണ്ടാക്കിയ നെയ്യ് വേണം കുഞ്ഞുങ്ങൾക്ക് നൽകാൻ. പാൽ കാച്ചുമ്പോൾ ഊറി വരുന്ന പാട ശേഖരിച്ചു വെച്ച് ചൂടാക്കിയാണ് സാധാരണ വീടുകളിൽ നെയ്യ് ഉണ്ടാക്കുന്നത്. അത് ജോലി എളുപ്പമാക്കുമെങ്കിലും, തൈരുണ്ടാക്കി, അത് കടഞ്ഞ് വെണ്ണയെടുത്ത് ഉരുക്കിയുണ്ടാക്കുന്ന നെയ്യാണ് കൂടുതൽ നല്ലത്. കടകളിൽ നിന്നും വാങ്ങുന്ന നെയ്യിൽ നിറങ്ങളുൾപ്പെടെ പലതും മായം കലർത്തിയതാണ്. അവ കഴിച്ചു ശരീരം കേടാക്കുന്നതിലും നല്ലതാണ് വീട്ടിലുണ്ടാക്കിയ നെയ്യുപയോഗിക്കുന്നത്.
അമിതമായാൽ അമൃതും വിഷം എന്നു പറയും പോലെയാണ് നെയ്യിന്റെ കാര്യവും. തടി കൂടുതലുള്ള കുട്ടികളെ അധികം നെയ്യ് കഴിപ്പിക്കാത്തതാണ് നല്ലത്. കൂടാതെ ആസ്ത്മ, കഫക്കെട്ട് മുതലായ പ്രശ്നങ്ങൾക്കും നെയ്യ് കാരണമാവാറുണ്ട്. ദിവസവും ഒരു സ്പൂണിലധികം കഴിക്കാൻ അനുവദിക്കരുത്.