കൊച്ചി:
അരിയില്‍ ഷുക്കൂര്‍ വധക്കേസിന്‍റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. സി.ബി.ഐ യുടെ അപക്ഷേ അംഗീകരിച്ച് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. തലശേരി സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് എറണാകുളത്തേക്ക് മാറ്റിയത്.
പി. ജയരാജനും, ടി.വി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം പി. ജയരാജനും, ടി.വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സി.പി.എം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും, രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
ലോക്കല്‍ പൊലീസ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ ഗൂഢാലോചന അന്വേഷിച്ച് സി.ബി.ഐ അനുബന്ധ കുറ്റപത്രം എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍, ഒറിജിനല്‍ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആയതിനാല്‍ അനുബന്ധ കുറ്റപത്രം ഉചിതമായ കോടതിയില്‍ നല്‍കണമെന്ന് സി.ജെ.എം കോടതി നിര്‍ദേശിച്ചു. തുടര്‍ന്നു തലശ്ശേരി സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോടതി സ്വീകരിക്കാന്‍ വിസമ്മതിച്ച് 2019 ഫെബ്രുവരി 19ന് ഉത്തരവിറക്കി. ലോക്കല്‍ പൊലീസിന്റെയും സി.ബി.ഐ യുടെയും അന്വേഷണ റിപ്പോര്‍ട്ടുകളില്‍ തുടര്‍നടപടി എറണാകുളം സി.ബി.ഐ കോടതിയില്‍ നടത്താന്‍ വേണ്ടിയാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്.
കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന വകുപ്പാണ് (ഐപിസി 118) ഇരുവര്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഇത് ഒഴിവാക്കിയാണ് 120 (ബി) പ്രകാരം ഗൂഢാലോചനയും അനുബന്ധമായി കൊലക്കുറ്റവും ചുമത്തിയത്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയിലെ ഹൈക്കോടതി വിധി പ്രകാരമാണ് സി.ബി.ഐ അന്വേഷണം നടത്തിയത്. ഇതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.