തിരുവനന്തപുരം :
പശ്ചിമബംഗാളിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞ് കേരളത്തിലെ രോഗികളും. രാലിലെ അഞ്ച് മണി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നില്‍ക്കുന്നത് നൂറ് കണക്കിന് പേരാണ്.
ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള ഒപിക്കായി വന്നവരാണ് ക്യൂ നില്ക്കുന്നവരില് പലരും. ഇന്ന് ഡോക്ടറെ കാണാനായില്ലെങ്കില്‍ ഇവര്‍ പരിശോധനക്കായി അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആശുപത്രികളിലും ഒന്നോ രണ്ടോ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്.
ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള ആശുപത്രികൾ പ്രവർത്തിക്കില്ലെന്ന് ഐ.എം.എ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.
കോൽക്കത്തയിലും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലും ആശുപത്രി ആക്രമണങ്ങൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും സംരക്ഷണം നൽകുന്ന രീതിയിൽ കേന്ദ്ര നിയമം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി സമരം നടത്തുന്നത്.
ബംഗാളിൽ ആരംഭിച്ച ഈ സമരത്തിനെ ശക്തമായി നേരിടുകയാണ് മുഖ്യമന്ത്രി മമത ബാനർജി. തുടർന്ന് മുന്നൂറോളം ഡോക്ടർമാരാണ് സർക്കാർ സർവീസിൽ നിന്നും രാജി വെച്ചത്. എന്നാൽ ഈ സമരത്തെ മമത ബാനർജിക്കെതിരായുള്ള രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. തുടക്കം മുതലേ സമരക്കാര്‍ക്ക് അനുകൂല നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അതോടെയാണ് ഡോക്ടർമാരുടെ സമരം രാജ്യമെങ്ങും വ്യാപിച്ചിട്ടുള്ളത്.