Mon. Dec 23rd, 2024
സൌദി:

 

2011 ല്‍ നടന്ന അറബ് വിപ്ലവത്തിന്റെ ഭാഗമായി സൗദിയിലെ അവാമിയയില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സൈക്കിള്‍ റാലി നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ മുര്‍ത്താസ ഖുറൈറിസിന്റെ വധശിക്ഷ സൗദി റദ്ദു ചെയ്തു. 2022 ല്‍ വിട്ടയച്ചേക്കുമെന്ന സൂചനകളും ഉണ്ട്. ദേശീയ മാധ്യമങ്ങളാണ് സൗദി ഭരണകൂടം വധശിക്ഷ റദ്ദാക്കിയ വിവരം പുറത്ത് വിട്ടത്. പ്രായപൂര്‍ത്തിയാവുന്നതിന് മുൻപു ചെയ്ത കുറ്റത്തിനു 18 കാരന് വധശിക്ഷ വിധിച്ചതിനെതിരെ ലോകവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

13-ാം വയസില്‍ മുര്‍ത്താസയെ രാഷ്ട്രീയ കുറ്റവാളിയായി മുദ്ര കുത്തുകയും ചെയ്തിരുന്നു. ശേഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഈ സംഭവത്തിലാണ് ലോകവ്യാപകമായി പ്രതിഷേധം ആര്‍ത്തിരമ്പിയത്. ഇതേ തുടര്‍ന്നാണ് വധശിക്ഷ, സൗദി റദ്ദാക്കിയത്. 2015 ല്‍ കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യവെയാണ് സൗദി അതിര്‍ത്തിയില്‍ വെച്ച്‌ മുര്‍ത്താസയെ അറസ്റ്റ് ചെയ്തത്. 2015 മുതല്‍ ജയിലിലായിരുന്നു. മുര്‍ത്താസയ്ക്ക് ഇപ്പോള്‍ 18 വയസ് ആയി.

ദമാമിലെ ജുവനൈല്‍ ജയിലില്‍ കഴിയുന്ന മുര്‍ത്താസയ്ക്ക് രാജ്യവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. 2018 ആഗസ്റ്റില്‍ മാത്രമാണ് മുര്‍ത്താസയ്ക്ക് അഭിഭാഷകനെ സൗദി അനുവദിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ ഒരു മാസം ഏകാന്ത തടവില്‍ കഴിയേണ്ടി വന്ന മുര്‍ത്താസ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞിരുന്നു. അറബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് മുര്‍ത്താസയെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് അറസ്റ്റിലായ അലി അല്‍ നിമ്ര്, അബ്ദുല്ല അല്‍ സഹീര്‍, ദാവൂദ് അല്‍ മര്‍ഹൂന്‍ എന്നീ കുട്ടികളും സൗദിയില്‍ വധശിക്ഷ നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *