കൊച്ചി:
ഹയർസെക്കൻഡറി ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മീഷന് റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതിയുടെ നടപടി.
സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ.എം.എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സർക്കാർ നിര്‍ദേശത്തെ തുടര്‍ന്ന് അവ നടപ്പാക്കുന്നിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനായി ഖാദര്‍ കമ്മീഷന് രൂപം നല്‍കിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മീഷന്‍റെ പ്രധാനശുപാര്‍ശ. സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.
വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണമെന്നും ഇതിൻറെ ഭാഗമായി അധ്യാപക യോഗ്യതകളെല്ലാം ഉയർത്തണമെന്നും ഖാദർ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തന ഘടകം സ്കൂളായിരിക്കും. ഒരു സ്കൂളിന് ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാകൂ.
യോഗ്യതയില്ലാതെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ ചിലര്‍ക്ക് അനര്‍ഹമായി അവസരം ലഭിക്കും. പ്രിന്‍സിപ്പലാകാന്‍ യോഗ്യതയുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരുണ്ടായിരിക്കെ, തുല്യമായ സീനിയോറിറ്റിയും യോഗ്യതയും ഇല്ലാത്തവര്‍ക്ക് പോലും വൈസ് പ്രിന്‍സിപ്പലാകാനുള്ള അവസരവും ലഭിക്കുമെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു.
നിയമസഭയില്‍ ആലോചിക്കാതെയും സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാതെയും വിദ്യാഭ്യാസരംഗത്ത് ഇത്ര വലിയ പരിഷ്കരണം കൊണ്ടു വന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷവും, പ്രതിപക്ഷ അധ്യാപകസംഘടനകളും തുടക്കം മുതലേ സമരരംഗത്തുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ് മാസ്റ്റർമാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ.
കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്നതോടെ സാധാരണഗതിയില്‍ ഈ പരിഷ്കാരമെല്ലാം അസാധുവാകും.