#ദിനസരികള്‍ 789
പി. ഗോവിന്ദപ്പിള്ളയെക്കുറിച്ച് ഒരു മകനെന്ന നിലയില്‍ എം.ജി. രാധാകൃഷ്ണന്റെ ഓര്‍മ്മകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ‘വായിച്ചു തീരാത്ത അച്ഛന്‍’ എന്ന പുസ്തകം. പി.ജിയുടെ ഏറെ വിഖ്യാതമായ വായനാ ശീലങ്ങളെക്കുറിച്ചും ചില രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഉള്ളറകളെക്കുറിച്ചും താന്‍ നേരിട്ടു കണ്ടറിഞ്ഞ സാഹചര്യങ്ങളെ മുന്‍നിറുത്തി രാധാകൃഷ്ണന്‍ തന്റേതായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും വായനയുമായി ബന്ധപ്പെട്ട അനുഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് എന്നെ സംബന്ധിച്ച് ഏറെ രസനീയമായിത്തോന്നിയത്. അദ്ദേഹവുമായി നേരിട്ടു ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളില്‍ ‘രാഷ്ട്രീയമില്ല’യെന്നതും പലതും സങ്കുചിത ചിന്താഗതിയുള്ള വ്യക്തികളുടെ ഇടപെടലുകള്‍ കൊണ്ടുണ്ടായതാണെന്നും വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് അത്തരമൊരു ചിന്താഗതിയുണ്ടാവുക സ്വാഭാവികവുമാണല്ലോ.
പുസ്തകവുമായി ബന്ധപ്പെട്ടാല്‍ സര്‍വ്വവും വിസ്മരിച്ചുപോകുന്ന പി.ജിയുടെ സവിശേഷമായ സ്വഭാവത്തെപ്പറ്റി എം. ജി. രാധാകൃഷ്ണന്‍ എഴുതുന്നത് നോക്കുക – “അച്ഛന്റെ പ്രശസ്തമായ പുസ്തകക്കമ്പം ഞാന്‍ ആദ്യമായി അനുഭവിക്കുന്നത് ദില്ലി ദിനങ്ങളിലാണ്. ഒരു ദിവസം എന്നേയും കൂട്ടി റെയില്‍വേ സ്റ്റേഷനില്‍ പോയ അച്ഛന്‍ അവിടെ ഒരു പുസ്തക കടയില്‍ കയറിയപ്പോള്‍ ഞാന്‍ ഒപ്പമുണ്ടായിരുന്നത് മറുന്നുപോയി. തിരക്കുപിടിച്ച സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തില്‍ ഏതോ പുസ്തകം തേടി എല്ലാം മറന്ന് കടയില്‍ കയറിപ്പോയ അച്ഛനെ ഞാനും കണ്ടില്ല. കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ അച്ഛന്‍ ഒപ്പമില്ല. പന്തളത്തെ കുഗ്രാമത്തില്‍ നിന്നും കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു മാത്രം മഹാനഗരത്തില്‍ വന്നുപെട്ട മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത ഒരഞ്ചുവയസ്സുകാരന്റെ പരിഭ്രമം ആലോചിച്ചു നോക്കുക. ഞാന്‍ നിലവിളിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടി.ഒരു പോലീസുകാരന്‍ വന്ന് കാര്യം തിരക്കിയത് ഓര്‍ക്കുന്നു. ഭാഷ അറിയാത്ത കുട്ടി എന്തു പറയാന്‍? ഒരു വിധം പി.കെ. വാസുദേവന്‍ നായര്‍ എം.പി. എന്നൊക്കെ ഞാന്‍ പറഞ്ഞു ഫലിപ്പിച്ചു. അയാള്‍ എന്നെ റെയില്‍ വേ സ്റ്റേഷിനിലെ പോലീസ് സ്റ്റേഷനിന്‍ കൊണ്ടുപോയിരുത്തി. കുറേ കഴിഞ്ഞ് കളഞ്ഞു കിട്ടിയ കുട്ടിയെക്കുറിച്ച് മൈക്കിലൂടെ അനൌണ്‍സ് ചെയ്യാന്‍ പോലീസുകാര്‍ തീരുമാനിച്ചു. അപ്പോള്‍ അതാ പരിഭ്രാന്തനായി ഓടിവരുന്നു അച്ഛന്‍.” പുസ്തകങ്ങള്‍ കാണുമ്പോള്‍ എല്ലാം മറക്കുന്ന ഈ സ്വഭാവം പി.ജിയെ അവസാന കാലം വരെ വിട്ടു പിരിഞ്ഞില്ല.
ഗുരുതരമായി മാറിയ പ്രമേഹരോഗം കാരണം കാഴ്ച കുറഞ്ഞു വന്ന നാളുകളില്‍ വായിക്കാന്‍ കഴിയാതെ വിഷമിക്കുന്ന പി.ജിയുടെ ചിത്രം ആരേയും വേദനിപ്പിക്കാതിരിക്കില്ല. എന്നാലും വായനയെ സഹായിക്കുന്ന വിവിധങ്ങളായ ലെന്‍സുകളും ലൈറ്റുകളുമൊക്കെ ഉപയോഗിച്ച് ഏറെ വിഷമിച്ച് ഈ കഷ്ടതകള്‍ക്കിടയിലും അദ്ദേഹം വായനയെ മുന്നോട്ടു കൊണ്ടുപോയി. തീരെ വായിക്കാന്‍ കഴിയാതെ നിസ്സഹായനായിത്തീര്‍ന്ന ഘട്ടങ്ങളില്‍ വായിച്ചു കേള്‍പ്പിക്കാന്‍ ഊഴമിട്ട് തീരുമാനമെടുത്ത കാര്യം രാധാകൃഷ്ണന്‍ എഴുതുന്നുണ്ട്. വായനയുടെ അതിവിശാലമായ മേഖലകളില്‍ നിന്നും വിട്ടുമാറി കുമാരനാശാന്റെ കവിതകള്‍ വായിച്ചു കേള്‍ക്കുക എന്നതായിരുന്നു അദ്ദേഹം അക്കാലങ്ങളില്‍ ഏറെ ഇഷ്ടപ്പെട്ടത്.
രോഗങ്ങളാല്‍ പീഢിപ്പിക്കപ്പെട്ട ശരീരം പ്രതികൂലമായി പ്രവര്‍ത്തിക്കുമ്പോഴും തന്റെ ഇച്ഛാശക്തിയെ മാത്രം കൈമുതലാക്കി അവസാനകാലങ്ങളില്‍ അദ്ദേഹം മലയാളത്തിലെ വിസ്മയമായ വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം, ഏംഗല്‍സിന്റെ ജീവചരിത്രം തുടങ്ങി തന്റെ ജീവിതത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കൃതികളെ അവതരിപ്പിച്ചു.വായനയേയും എഴുത്തിനേയും എത്ര താല്പര്യപൂര്‍വ്വമാണ് അദ്ദേഹം പരിഗണിച്ചിരുന്നതെന്ന് അവസാന കാലങ്ങളിലെ ഈ പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
എവിടെപ്പോയാലും പുസ്തകങ്ങളേയും പുസ്തകക്കടകളേയും തേടിപ്പിടിക്കുകയെന്നത് പി.ജിയുടെ സ്വഭാവമായിരുന്നു. ലോകോത്തര ഗ്രന്ഥങ്ങള്‍ കുത്തിനിറച്ച ഭാരമേറിയ സഞ്ചികള്‍ ഓരോ യാത്രക്കു ശേഷവും തന്റെ കൂടെ വീട്ടിലേക്ക് തിരിച്ചെത്തി. ആ ഗ്രന്ഥങ്ങളൊന്നും വെറുതെ വായിച്ചു തീര്‍ക്കുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. അവയെ മുന്‍നിര്‍ത്തി സമകാലികമായി നടക്കുന്ന ഓരോ സംഭവങ്ങളേയും മലയാളികള്‍ക്കു പരിചയപ്പെടുത്തി. അങ്ങനെ പി.ജിയിലൂടെ നാം ലോകത്തെ അറിഞ്ഞു, ലോകത്തോട് സംവദിച്ചു.
പി.ജിയില്‍ ഞാന്‍ കണ്ടെത്തിയ ഏറ്റവും പ്രധാനമായ ഒരു സവിശേഷത ഭാഷാപരമായ പ്രസന്നത നിലനിറുത്തുമ്പോള്‍തന്നെ തനിക്കു മനസ്സിലാകാത്ത ഒരു കാര്യവും അദ്ദേഹം എഴുതാതിരിക്കാനും എഴുതുന്നത് വായനക്കാരന് മനസില്ലാക്കാനും എന്ന നിര്‍ബന്ധമാണ്. ഒരുദാഹരണത്തിന് സാംസ്കാരിക വിമര്‍ശനത്തെക്കുറിച്ചും അതിന്റെ പ്രസക്തിയെപ്പറ്റിയുമെല്ലാം പ്രതിപാദിക്കുന്ന ഒരു ചെറിയ കുറിപ്പ് അദ്ദേഹം രണ്ടായിരത്തിയഞ്ചില്‍ എഴുതിയിട്ടുണ്ട്. ചെറുത് എന്ന് ഞാന്‍ ബോധപൂര്‍വ്വം പ്രയോഗിച്ചത്, ആ ചെറുതിന്റെ വലുപ്പത്തെക്കുറിച്ച് പറയുവാന്‍ വേണ്ടിത്തന്നെയാണ്. പ്രസ്തുത വിഷയത്തില്‍ എത്ര വലുപ്പമുള്ള പുസ്തകം നിങ്ങള്‍ വായിച്ചാലും പി.ജി. ആറ്റിക്കുറുക്കിയെടുത്ത ആ ചെറുതിന്റെ സമഗ്രതയോളം വരുമോയെന്ന കാര്യം സംശയമാണ്. അത്രയ്ക്കുണ്ട് ആ കുറിപ്പിന്റെ ഗഹനത.
പി. ജി. എഴുതിയ ഗ്രന്ഥങ്ങളില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് വൈജ്ഞാനിക വിപ്ലവം തന്നെയാണ്. ഓരോ പേജുകള്‍ വായിച്ചു കയറുമ്പോഴും അജ്ഞാതവും അതീവരമണീയവുമായ ഏതോ വനാന്തരങ്ങളില്‍ ചെന്നുപെട്ടവനെപ്പോലെ, അതല്ലെങ്കില്‍ വാനശാസ്ത്രജ്ഞനായ ഒരുവന്‍ അപാരമായ ആകാശസ്ഥലികളിലെ വിസ്മയങ്ങള്‍ക്കു മുന്നില്‍ നിര്‍ന്നിമേഷനാകുന്നതുപോലെ ഞാന്‍ സ്തബ്ധനാകുന്നു.
മടുപ്പറിയാതെ ഈ പോരാളി അതുകൊണ്ടുതന്നെ എക്കാലത്തേയും പ്രചോദനമാകുന്നു.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.