തിരുവനന്തപുരം:
സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഐ.എസ്.ആര്‍.ഒ. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതി യാഥാര്‍ത്ഥ്യമായതിനു ശേഷം ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതു സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ വ്യക്തമാക്കി.
സ്വന്തമായി ഒരു ബഹിരാകാശനിലയമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങള്‍ക്കായി ചെറിയ മോഡ്യൂള്‍ വിക്ഷേപിക്കുമെന്നും ശിവന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഐ.എസ്.ആര്‍.ഒ. വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയത്തിന് 20 ടണ്‍ ഭാരമുണ്ടാവും. ഭ്രമണപഥത്തില്‍ 400 കീലോമീറ്റര്‍ അകലെയാണ് ഇത് സ്ഥാപിക്കുക. അവിടെ 15 മുതല്‍ 20 ദിവസം വരെ ഗവേഷകര്‍ക്ക് താമസിക്കാന്‍ സാധിക്കും. ഗഗന്‍യാന്‍ പദ്ധതി യാഥാര്‍ത്ഥ്യമായതിനു ശേഷം അഞ്ചോ ഏഴോ വര്‍ഷം കൊണ്ട് ബഹിരാകാശ നിലയംപദ്ധതി യാഥാര്‍ത്ഥ്യമാവും.