Mon. Dec 23rd, 2024

കൊച്ചി:

കേരളത്തിന് വെളിയിൽ പോയാൽ പൈസ ഉണ്ടെങ്കിൽ ഏതു ഡിഗ്രിയും ലഭ്യമാക്കുന്ന തട്ടിക്കൂട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർവകലാശാലകളും ഇന്ത്യയിൽ എമ്പാടുമുണ്ട്. എന്നാൽ ഉന്നതമായ വിദ്യാഭ്യാസ മൂല്യങ്ങൾ കത്ത് സൂക്ഷിക്കുന്ന കേരളത്തിൽ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിമുറുക്കിയിരുന്നില്ല. സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തിൽ നിറഞ്ഞുവെങ്കിലും അവയെല്ലാം കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നതോടെ അന്യസംസ്ഥാന വിദ്യാഭ്യാസ മാഫിയകളുടെ കച്ചവടം മുട്ടിച്ചിരുന്നു. അതോടെ അവരും കേരളത്തിനുള്ളിൽ വന്നു തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനധികൃതമായി കൊണ്ടുവരുന്നതിന്റെ സൂചനയാണ് കൊച്ചിയിൽ രൂപം കൊണ്ട ജെയിൻ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം.

വിദ്യാഭ്യാസ രംഗത്തു മുപ്പതു വർഷത്തിലധികമായി പ്രവർത്തന പാരമ്പര്യമുണ്ടെന്നു അവകാശപ്പെടുന്ന ജെയിൻ കോളേജിനെ കഴിഞ്ഞ വർഷം കല്പിത സർവ്വകലാശാലയായി യു.ജി.സി. അംഗീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ പ്രമുഖ മലയാള പത്രങ്ങളിൽ ജെയിൻ കല്പിത സർവകലാശാലയുടെ കൊച്ചിയിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലെ പുതിയ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ട് മുഴുനീള പേജ് പരസ്യങ്ങൾ വന്നിരുന്നു. പത്രങ്ങളിൽ മാത്രമല്ല കൊച്ചിയിലെ മെട്രോ തൂണുകളിൽ പോലും പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൊമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്, ലൈഫ് സയൻസ്, അപ്പ്ളൈഡ് സയൻസ്, സോഷ്യൽ സയൻസ് എന്നിങ്ങനെ മുപ്പതോളം കോഴ്‌സുകളിൽ ആയിരുന്നു ജെയിൻ കല്പിത സർവകലാശാല വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചത്.

പക്ഷെ ജെയിൻ സർവകലാശാലയുടെ കൊച്ചിയിലെ വിദൂര പഠന കേന്ദ്രം യു.ജി.സി. മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് “വോക്ക് ജേണൽ” നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കല്പിത സർവ്വകലാശാലകൾ പ്രവർത്തിക്കേണ്ടത് അവരുടെ ആസ്ഥാന കാമ്പസുകളിൽ ആയിരിക്കണമെന്നും വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി വേണമെന്നും യു.ജി.സി. മാനദണ്ഡത്തിലുണ്ട്.

ഈ നിയമം ജെയിൻ കല്പിത സർവ്വകലാശാല പാലിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഇങ്ങനെയൊരു അന്വേഷണം നടത്താൻ “ടീം വോക്കിനെ” പ്രേരിപ്പിച്ചത്. ഇത് സംബന്ധിച്ച് ഡൽഹി യു.ജി.സി. ഓഫീസിൽ നടത്തിയ അന്വേഷണത്തിൽ കൊച്ചിയിലെ ഏതെങ്കിലും കല്പിത സർവകലാശാലക്ക് സ്വന്തമായി വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടില്ലെന്ന് യു.ജി.സി ഉദ്യോഗസ്ഥൻ അറിയിച്ചു.

ചില പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് മാത്രമാണ് കല്പിത സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരമുള്ളത്. അത് തന്നെ ഔദ്യോഗിക ഗസറ്റിൽ അത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത് മാത്രമേ അംഗീകാരം ഉണ്ടാകുകയുള്ളൂ. യു.ജി.സിക്ക് പോലും വിദൂരപദാന കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരമില്ല. പിന്നെ എങ്ങനെയാണ് നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി ജെയിൻ കല്പിത സർവ്വകലാശാല കൊച്ചിയിൽ വരുന്നത്?

കൊച്ചിയിലെ ജെയിൻ സർവകലാശാലയുടെ ഓഫീസുമായി “ടീം വോക്ക്” ബന്ധപ്പെട്ടപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കാറ്റഗറി 2 ഇൽ മാത്രം വരുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ പോലും ഒരേയൊരു വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാനുള്ള അംഗീകാരം മാത്രമേയുള്ളു. പക്ഷെ പുണെയിലും വേറൊരു വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങുകയാണെന്നാണ് ജെയിൻ കല്പിത സർവകലാശാലയുടെ കൊച്ചിയിലെ പ്രതിനിധി വെളുപ്പെടുത്തിയത്.

ഭീമമായ ഫീസുകൾ ഈടാക്കുന്ന ഇത്തരം സ്ഥാപനങ്ങൾ യാതൊരു യോഗ്യത മാനദണ്ഡവും ഇല്ലാതെയാണ് വിദ്യാർത്ഥികളെ കോഴ്‌സുകളിൽ പ്രവേശിപ്പിക്കുന്നത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു നിലവാര തകർച്ച ഉണ്ടാകും എന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ കടന്നുവരവോടെ സംഭവിക്കുകയെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അധികാരികൾ ഇത്തരം വിദ്യാഭ്യാസ മാഫിയകളെ നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസരംഗം കൂടുതൽ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടേണ്ടി വരിക.

One thought on “ബംഗളൂരു ആസ്ഥാനമായുള്ള ‘ജെയിൻ കല്പിത സർവകലാശാല’യുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം തട്ടിപ്പോ?”
  1. […] വിദൂര പഠന കേന്ദ്രം തുടങ്ങാൻ ഇനിയും അനുമതി കിട്ടിയിട്ടില്ല എന്ന കാര്യം സ്ഥിരീകരിക്കുകയും […]

Leave a Reply

Your email address will not be published. Required fields are marked *