ഒമാൻ:
ഗള്‍ഫ് തീരത്ത് വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ വ്യാഴാഴ്ച സ്‌ഫോടനത്തില്‍ തകര്‍ന്നു. നോര്‍വേയില്‍ രജിസ്റ്റര്‍ ചെയ്ത ഫ്രണ്ട് ആള്‍ടയര്‍, പാനമയില്‍ രജിസ്റ്റര്‍ ചെയ്ത കൊകുക കറേജിയസ് എന്നീ ചരക്കുകപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. കപ്പലുകളിലുണ്ടായിരുന്ന 44 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ഇവരെ ഇറാന്‍ തുറമുഖമായ ജസ്‌കിലേക്ക് കൊണ്ടുപോയതായും ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ച ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന വെളിപ്പെടുത്തി.
യു.എ.ഇ.യിലെ ഫുജൈറ തുറമുഖത്തിനുസമീപം സൗദിയുടേതുള്‍പ്പെടെ നാല് എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണമുണ്ടായതിന് ഒരുമാസത്തിനുശേഷമാണ് ഒമാന്‍ തീരത്തും കപ്പലുകള്‍ ആക്രമണത്തിനിരയാകുന്നത്.
മേഖലയില്‍ ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്ന് സംശയിക്കുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കൊകുക കറേജിയസ് കപ്പല്‍ പൂര്‍ണ്ണമായും തകർന്നതായാണ് സൂചന. ആക്രമണം നടക്കുമ്പോൾ ഫുജൈറയില്‍നിന്ന് 70 നോട്ടിക്കല്‍ മൈലും ഇറാന്‍ തീരത്തുനിന്ന് 14 നോട്ടിക്കല്‍ മൈലും അകലെ ഹോര്‍മുസ് കടലിടുക്കിനടുത്തായിരുന്നു കൊകുക കറേജിയസ് കപ്പല്‍.
സൗദി അറേബ്യയില്‍നിന്ന് മെതനോളുമായി സിങ്കപ്പൂരിലേക്ക് പോവുകയായിരുന്നു കൊകുക. യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലെ റുവൈസില്‍നിന്ന് 75,000 ടണ്‍ നാഫ്തയുമായി തയ്വാനിലേക്ക് പോവുകയായിരുന്നു ഫ്രണ്ട് ആള്‍ടെയര്‍. ഈ കപ്പലില്‍ മൂന്ന് സ്ഫോടനങ്ങളുണ്ടായതായി നോര്‍വേ മാരിടൈം അതോറിറ്റി അറിയിച്ചു.