Wed. Dec 18th, 2024
#ദിനസരികള്‍ 785

2019 ജൂണ്‍ 5 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 12) ശ്രീനാരായണ ഗുരുവും നവോത്ഥാനവും തമ്മില്‍ ഒന്നുമില്ല എന്ന തലക്കെട്ടില്‍ മുനി നാരായണ പ്രസാദ് വര്‍ക്കലയില്‍ നിന്നും എഴുതിയ ദീര്‍ഘമായ ഒരു കത്തു പ്രസദ്ധീകരിച്ചിട്ടുണ്ട്. ശ്രീ നാരായണനെ ഒരു കവിയായി മലയാള സാഹിത്യ ചരിത്രകാരന്മാര്‍ അംഗീകരിക്കാത്തതിനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഈ കുറിപ്പെഴുതിയിരിക്കുന്നത്.

ശ്രീനാരായണ സാഹിത്യത്തില്‍ സാമൂഹികതയ്ക്ക് അസാമാന്യമായ ഇടങ്ങളുണ്ടെന്നും അശരണരും അധസ്ഥിതരുമായ സാധാരണക്കാരായ ജനവിഭാഗത്തോട് കരുതലോടുകൂടി സംവദിക്കുന്ന ഒന്നാണ് നാരായണഗുരുവിന്റെ കൃതികളെന്നുമുള്ള ലേഖകരുടെ നിലപാടിനെയാണ് മുനി നാരായണപ്രസാദ് ചോദ്യം ചെയ്യുന്നത്. “ഗുരു എഴുതിയിട്ടുള്ള ഏതൊരു കൃതി സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാലും കാണാം, അത് സകല മനുഷ്യര്‍ക്കും വേണ്ടി എഴുതപ്പെട്ടിട്ടുള്ളതാണെന്ന്. തപോനിരതമായ അജ്ഞാത വാസം കഴിഞ്ഞ് പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് വന്നതിനു ശേഷം ജാതീയമായ അധസ്ഥിതത്വം അനുഭവിക്കുന്നവരോട് വളരെയധികം അനുഭാവവും അനുകമ്പയും ഗുരു കാണിച്ചിട്ടുണ്ടെന്നത് നേരുതന്നെ. എന്നാല്‍ അതൊന്നും ഗുരുകാവ്യങ്ങളില്‍ നിഴലിക്കുക പോലും ചെയ്തിട്ടില്ല” എന്നാണ് മുനി പ്രധാനമായും വാദിക്കുന്നത്.

അദ്വൈതിയായ നാരായണ ഗുരു ലോകത്തുള്ള സകലമാന മനുഷ്യരേയും കണക്കിലെടുത്തുകൊണ്ടാണ് തന്റെ കൃതികള്‍ രചിച്ചിരിക്കുന്നതെന്ന വാദത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ സാമൂഹികതയല്ല, മറിച്ച് ആധ്യാത്മികതയാണ് ആ കൃതികളിലെ ഊന്നലെന്നും സാമൂഹിക പ്രശ്നങ്ങളെ ആനുഷംഗികമായി പരാമര്‍ശിച്ചു പോയതേയുള്ളു എന്നുമുള്ള വാദങ്ങളെ നാരായണഗുരുവിനെ വായിച്ചും കേട്ടും അറിഞ്ഞ കേരളീയ സമൂഹം വകവെച്ചു കൊടുക്കുമെന്നു തോന്നുന്നില്ല. നാരായണ ഗുരുവിനെ വിശ്വപൌരനായി ഉയര്‍ത്തിയെടുക്കാനുള്ള അമിതമായ വ്യഗ്രതയില്‍ കേരളത്തിന്റെ നവോത്ഥാനവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നൊക്കെയുള്ള നിലപാട് ദുര്‍വാശിയല്ലെങ്കില്‍പ്പിന്നെ എന്താണ്?

ഗുരുവിന്റെ ഉപദേശ നിര്‍‌ദ്ദേശങ്ങള്‍ ഏതു കാലത്തും ഏതു സമൂഹത്തിലുമുള്ള മനുഷ്യരെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന വാദം നമുക്ക് മനസ്സിലാക്കാം. അത്തരമൊരു നിലപാട് ഗുരു സ്വീകരിക്കാന്‍ കാരണം കേരളത്തിന്റെ അന്നത്തെ പശ്ചാത്തലത്തിന്റെ വെളിച്ചത്തിലാണ്. അതുകൊണ്ടുതന്നെ താന്‍ കൂടി ഉള്‍‌പ്പെടുന്ന ഒരു സമൂഹത്തില്‍ കൊടികുത്തിവാഴുന്ന അനാചാരങ്ങളെക്കൂടി എതിര്‍ക്കുകയും പരിഷ്കരിച്ചെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശം കൂടി അദ്ദേഹത്തിന്റെ കൃതികള്‍ നിര്‍വ്വഹിക്കുന്നു. എത്രയോ ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നും വായിച്ചെടുക്കാനുണ്ട്.

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ ! തത്ത്വം വേത്തി കോപി ന. എന്ന ഒറ്റ ശ്ലോകത്തില്‍ ഉന്നം വെയ്ക്കുന്ന ദര്‍ശനത്തിന് ലോകത്തിന്റെ ഏതൊരു കോണിലുമിരിക്കുന്ന താഴ്ത്തിക്കെട്ടപ്പെട്ടവനായ മനുഷ്യനെ അഭിവാദ്യം ചെയ്യാനുള്ള ശേഷിയുണ്ട്. എന്നാല്‍ ആ ദര്‍ശനം ഗുരു കണ്ടെത്തുന്നത് ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും അടങ്ങുന്ന ഒരു സമൂഹത്തില്‍ തന്റെ കണ്‍മുന്നില്‍ നടക്കുന്ന തെമ്മാടിത്തരങ്ങളില്‍ നിന്നാണ്. അതുകൊണ്ടു തന്നെ കേരള സമൂഹം ഗുരുവിന്റെ ചിന്തകളെ സ്വാധീനിക്കുകയും അവയോടുള്ള പ്രതികരണമെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കൃതികള്‍ സംവദിക്കുകയും ചെയ്യുകയായിരുന്നുവെന്ന വാദത്തിനേ നിലനില്പുള്ളു. മുനി എഴുതുന്നതുപോലെ അതാത് താല്പര്യക്കാരുടെ ഇഷ്ടാനുസാരം ഗുരുവിനെ തെറ്റായി വ്യഖ്യാനിച്ചെടുക്കുകയായിരുന്നുവെന്നും നവോത്ഥാന പരിവേഷങ്ങളൊക്കെ അങ്ങനെ ഗുരുവില്‍ കെട്ടിവെച്ചു കൊടുക്കുകയായിരുന്നുവെന്നുമുള്ള നിലപാട് ഗുരുവിനോട് ചെയ്യുന്ന അനീതിയാണ്.

ഗുരുവില്‍ നിന്നും സാമൂഹിക മൂല്യങ്ങളെ അടര്‍ത്തിമാറ്റിക്കൊണ്ട് നടത്തുന്ന ഏതൊരിടപെടലും അപക്വവും അസത്യവുമായിരിക്കും. സമൂഹത്തിന്റെ മിടിപ്പുകളോട് പ്രതിസ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്കു മാത്രമേ “നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍” എന്ന ചാട്ടുളി നീട്ടുവാനുള്ള ശേഷിയുണ്ടാകൂ. ഒരു വിശ്വചിന്തകനും പൌരനുമായി ഗുരുവിനെ സ്ഥാപിക്കുവാന്‍ വ്യഗ്രത കൊള്ളുന്ന മുനിതന്നെ അദ്ദേഹത്തെ പൌരസ്ത്യനായി കാണുന്നുവെന്നുള്ള വൈരുദ്ധ്യം തന്നെ പ്രസ്തുത കുറിപ്പിലുണ്ട്.

“ഗുരു എന്നെങ്കിലും നവോത്ഥാനത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെന്നു കരുതുന്നതാകും ഉചിതം. ഗുരു മുഖാന്തിരം കേരളത്തില്‍ നവോത്ഥാനം സംഭവിച്ചു എന്നുള്ളത് നേരാണ്. എന്നാല്‍ ഗുരു അതിന്റെ കര്‍ത്താവായിരുന്നോ? നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച കവിയായി നാരായണ ഗുരുവിനെ ചിത്രീകരിച്ചതായി കണ്ടു. ഗുരുവിന്റെ കൃതികള്‍ പരിശോധിച്ചാല്‍ എവിടേയും കാണാവുന്നത് നവോത്ഥാന മൂല്യങ്ങളെ ഗുരു ഉയര്‍ത്തിപ്പിടിക്കുന്നതായിട്ടല്ല, ശാശ്വതമായ മൂല്യങ്ങളെ മാനുഷിക മൂല്യങ്ങളെ ഗുരു എവിടേയും മാനിച്ചിരുന്നതായിട്ടായിരിക്കും” എന്നാണ് മുനി, ഗുരുവിന്റെ നവോത്ഥാന ബന്ധങ്ങളെ വിച്ഛേദിക്കുന്നത്.

എത്ര അസംബന്ധങ്ങളാണ് ആ വാദങ്ങളെന്നു നോക്കുക. നവോത്ഥാനമൂല്യങ്ങളെന്നു പറയുന്നത് മുന്നോട്ടുള്ള പ്രയാണത്തില്‍ മനുഷ്യര്‍ കൂടുതല്‍ക്കൂടുതല്‍ തുല്യരായി തീരുന്ന പ്രക്രിയയാണ് എന്ന് ഒറ്റ വാക്യത്തില്‍ നിര്‍വചിക്കാം. ബോധപൂര്‍വ്വം അത്തരമൊരു നീക്കത്തെ പുഷ്ടിപ്പെടുത്തുന്നതൊന്നും ഗുരു ചെയ്തിട്ടില്ല എന്ന വാദത്തെ ഗുരുവിന്റെ കൃതികള്‍ തന്നെ നിഷേധിക്കുന്നതായി കാണാം. അതുകൊണ്ടുതന്നെ നവോത്ഥാനത്തിന്റെ നിര്‍മ്മാതാവ് എന്ന അര്‍ത്ഥത്തിലല്ല, ആ മുന്നേറ്റങ്ങളെ ശക്തമായി ത്വരിതപ്പെടുത്തിയ പരിഷ്കര്‍ത്താവ് എന്ന പരിവേഷത്തിലാണ് ഗുരു നിലകൊള്ളുന്നത്.

ഗുരുവിനെ ആധ്യാത്മികതയില്‍ അടിയുറച്ച സത്യദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തിക്കൊള്ളണമെന്നുള്ള തിട്ടൂരങ്ങളെ ഈ നവോത്ഥാന കേരളം അംഗീകരിച്ചുവെന്ന് വരില്ല. അതു ഗുരുദര്‍ശനങ്ങളെ പരിമിതപ്പെടുത്തുന്ന ഒന്നായി മാറും. എന്നു മാത്രവുമല്ല, ഗുരുവിന്റെ സാമൂഹികതയ്ക്ക മുമ്പെന്നത്തക്കാളും തിളക്കം ലഭ്യമായിരിക്കുന്ന വര്‍ത്തമാനകാല സാമൂഹ്യവസ്ഥയില്‍ ഇത്തരം ചിന്തതന്നെ ഗുരുവിനെ കള്ളിയിലേക്കൊതുക്കി നിറുത്തുന്നതാണ്. അതുകൊണ്ടു മനുഷ്യരിലേക്ക് ഇറങ്ങി നിന്നുകൊണ്ട് മനുഷ്യുനു വേണ്ടി അത്യധ്വാനം ചെയ്ത ഒരു വഴികാട്ടിയായി ഗുരുവിനെ കാണുക എന്നതായിരിക്കും നാം അദ്ദേഹത്തോടു ചെയ്യുന്ന പ്രഥമവും പ്രധാനവുമായ കടമ.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *