ന്യൂഡെൽഹി :
രാജ്യത്തെ വാഹന വിപണി വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നു. കഴിഞ്ഞ ഏഴു മാസമായി വാഹന വില്പന കുത്തനെ ഇടിയുന്ന കാഴ്ചയാണ് രാജ്യമെങ്ങും. ഈ മാസം നടത്തിയ ഏറ്റവും പുതിയ കണക്കെടുപ്പിൽ ഏകദേശം അഞ്ചു ലക്ഷം യാത്രാവാഹനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇതിന്റെ മൂല്യം ഏകദേശം 35,000 കോടി രൂപ വരും. ഇരുചക്ര വാഹന വിഭാഗത്തിൽ 17,000 കോടി രൂപയുടെ 30 ലക്ഷം വാഹനങ്ങൾ കെട്ടിക്കിടപ്പുണ്ട്. ഇതിനെ തുടർന്ന് വാഹനനിർമാതാക്കളെല്ലാം തങ്ങളുടെ പ്ലാന്റുകൾ അടച്ചിടാൻ നിർബന്ധിതരാകുകയാണ്.
ടാറ്റാ മോട്ടോഴ്സിന്റെ സനന്ദ് പ്ലാന്റ് മേയ് 27 മുതൽ ജൂൺ മൂന്നു വരെ അടച്ചിട്ടു. ഈ മാസം അഞ്ചു മുതൽ എട്ടു വരെ ഹോണ്ട കാർസ് ഇന്ത്യയും ഉൽപാദനം നിർത്തിവച്ചു. റെനോ സിസാനും, സ്കോഡ ഓട്ടോയും അടുത്ത റൗണ്ട് അടച്ചിടലിന് തയാറെടുക്കുകയാണ്. ഈ മാസം നാലു മുതൽ പത്തു ദിവസം വരെയെങ്കിലും ഉൽപാദനം നിർത്തിയേക്കും. ഈ മാസം 23 മുതൽ 30 വരെ രണ്ടാം ഘട്ട ഉത്പാദനം നിർത്തലിന് മാരുതി പദ്ധതിയിട്ടിട്ടുണ്ട്. 2019-20 സാന്പത്തിക വർഷം ആരംഭിച്ചശേഷം മഹീന്ദ്ര പല തവണകളിലായി അഞ്ചു മുതൽ 13 വരെ ദിവസം ഉത്പാദനം നിർത്തിവച്ചിട്ടുണ്ട്.
ഹ്യുണ്ടായ് മോട്ടോഴ്സ് മാത്രമാണ് ഈ പ്രതിസന്ധിയിലും അല്പമെങ്കിലും പിടിച്ചു നിൽക്കുന്നത്. കയറ്റുമതി വർധിപ്പിച്ച് ഹ്യുണ്ടായ് മോട്ടോർസ് പ്രതിസന്ധി തരണം ചെയ്തിട്ടുണ്ട്. മേയിൽ കമ്പനിയുടെ ആഭ്യന്തര വില്പന 5.6 ശതമാനം കുറഞ്ഞ് 42,502 എണ്ണമായെങ്കിലും കയറ്റുമതി 50.8 ശതമാനം വർധിപ്പിച്ച് 11,008ൽനിന്ന് 16,600 ആക്കി ഉയർത്തിയിരുന്നു.